റിയാദ്: ഫുട്‌ബോളില്‍ 1000 ഗോളുകളെന്ന വലിയ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പരിക്ക് വില്ലനായി ഇല്ലെങ്കില്‍ ഫുട്‌ബോളിലെ നാഴികക്കല്ല് പിന്നിടാന്‍ ഇനിയും തനിക്ക് സാധിക്കുമെന്നാണ് 40കാരനായ റൊണാള്‍ഡോ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.
'ഫുട്‌ബോളിനോടുള്ള എന്റെ അഭിനിവേശം വളരെ വലുതാണ്. ഞാന്‍ ഈ കാര്യം തുടരാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എവിടെ കളിക്കുന്നുവെന്നത് പ്രശ്‌നമല്ല. മിഡില്‍ ഈസ്റ്റിലായാലും യൂറോപ്പിലായാലും എനിക്ക് ഫുട്ബാള്‍ കളിക്കുന്നത് ഇപ്പോഴും ഇഷ്ടമാണ്. ഇതുപോലെ മുന്നോട്ട് പോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് പരിക്കുകള്‍ ഒന്നുമില്ലെങ്കില്‍ ഞാന്‍ തീര്‍ച്ചയായും 1000 ഗോളുകള്‍ നേടും', ദുബായിലെ അറ്റ്‌ലാന്‍ന്റ്‌റിസ് റോയല്‍ ഹോട്ടലില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ റൊണാള്‍ഡോ പറഞ്ഞു.
ഫുട്‌ബോളില്‍ ഇതുവരെ 956 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. ഇനി 44 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ ഫുട്‌ബോളില്‍ ആയിരം ഗോളുകള്‍ എന്ന പുത്തന്‍ നാഴികക്കല്ലിലേക്ക് നടന്നു കയറാനും പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിക്കും.