ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പ് കളിച്ചേക്കും; ചെല്‍സിയ്ക്കായി ഇറങ്ങാന്‍ സാധ്യത
ലണ്ടന്‍: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്നതിനായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് മാറിയേക്കും. ഇപ്പോള്‍ പ്രീമിയര്‍ ലീഗ് വമ്പനായ ചെല്‍സിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് ലോകകപ്പ് കളിക്കാനായി എത്തിയേക്കും എന്ന വാര്‍ത്തകളാണ് ശക്തമാവുന്നത്.
ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്ന ടീമുകള്‍ക്ക് കളിക്കാരെ മറ്റ് ക്ലബ്ബുകളില്‍ നിന്ന് ഏതാനും ദിവസത്തേക്ക് മാത്രമായി സ്വന്തമാക്കാന്‍ അവസരമുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് ക്ലബ്ബ് ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ല. ഇതോടെ ക്ലബ്ബ് ലോകകപ്പ് കളിക്കാനായി മാത്രമായി ട്രാന്‍സ്ഫറിന് റൊണാള്‍ഡോ തയ്യാറായേക്കും എന്ന റിപോര്‍ട്ടുകള്‍ ശക്തമാണ്.
പ്രീമിയര്‍ ലീഗില്‍ നിന്ന് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ക്ലബ്ബ് ലോകകപ്പ് കളിക്കുന്നത്. 32 ടീമുകളാണ് ക്ലബ്ബ് ലോകകപ്പ് കളിക്കുന്നത്. 2025 ജൂണ്‍ 14ന് ആണ് ക്ലബ് ലോകകപ്പ് ആരംഭിക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഫ്‌ളെമെങ്ങോ, ഇഎസ് ടുണിസ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ചെല്‍സി. വിശ്വസ്തനായ ഒന്‍പതാമനെ ചെല്‍സി ലക്ഷ്യം വയ്ക്കുമ്പോള്‍ റൊണാള്‍ഡോയുടെ പേരാണ് മുന്‍പില്‍ വരുന്നത്. എന്നാല്‍ സാധ്യത വിരളമാണ്.
ക്ലബ്ബ് ലോകകപ്പിന്റെ ഭാഗമായി ജൂണില്‍ സ്‌പെഷ്യല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കും. ഇതിലൂടെ റൊണാള്‍ഡോയ്ക്ക് യൂറോപ്പിലേക്കും മടങ്ങി വരാന്‍ അവസരമുണ്ട്. നാല് വട്ടം റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പ് ജയിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് വട്ടമായിരുന്നു ഇത്. സ്‌പെഷ്യല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ്ബ് ലോകകപ്പിന് മുന്‍പ് രണ്ട് കളിക്കാരെയാണ് ടീമുകള്‍ക്ക് സൈന്‍ ചെയ്യാനാവുക.
