റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മല്‍സരത്തിലാണ് അല്‍നസര്‍ താരമായ റൊണാള്‍ഡോയ്ക്ക് പരിക്കേല്‍ക്കുന്നത്. ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും.
മല്‍സരത്തില്‍ 81-ാം മിനിറ്റില്‍ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റോണോയ്ക്ക് തിരിച്ചടിയായത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് അടുത്തുനില്‍ക്കേ പരിക്ക് പോര്‍ച്ചുഗീസ് ക്യാംപിന് ആശങ്കയ്ക്ക് ഇടനല്‍കുന്നതാണ്. എന്നാല്‍ ലോകകപ്പിന് മൂന്ന് മാസം സമയമുണ്ടെന്നിരിക്കേ ക്രിസ്റ്റ്യോനോ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്നുറപ്പാണ്. എന്നാല്‍ എപ്പോഴാണ് താരം മടങ്ങിയെത്തുക എന്നത് സംബന്ധിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം ഇറാന്‍-ഇസ്രായേല്‍-യുഎസ് സംഘര്‍ഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി വിട്ടതായി റിപോര്‍ട്ടുകളുണ്ട്. ഗള്‍ഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തന്റെ 750 കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിലാണ് റൊണാള്‍ഡോ കുടുംബത്തോടൊപ്പം രാജ്യം വിട്ടതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമോനോയും ഈ റിപോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തി.
