ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ വിവാദം; സെനഗലിനും മൊറോക്കോയ്ക്കും വന്‍ തുക പിഴ, ഇസ്മായില്‍ സെയ്ബാരിക്ക് മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്

Update: 2026-01-30 15:02 GMT

റബാത്ത് : ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ വിവാദസംഭവങ്ങളില്‍ വന്‍തുക പിഴയിട്ട് ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷന് 5.65 കോടിയും മൊറോക്കോ ഫുട്ബോള്‍ ഫെഡറേഷന് 2.90 കോടി രൂപയുമാണ് പിഴയിട്ടത്.

ബാള്‍ ബോയ്സ് സെനഗല്‍ ഗോള്‍ കീപ്പറില്‍നിന്ന് ടൗവല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം അടക്കമുള്ള വിഷയത്തിലാണ് മൊറോക്കോ ഫെഡറേഷന് പിഴയിട്ടത്. പിഴത്തുകയില്‍ 1.83 കോടിയും ബോള്‍ബോയ്സ് വിഷയത്തിലാണ്. സെനഗല്‍-മൊറോക്കോ ഫൈനല്‍ ഏറെ വിവാദമായിരുന്നു. ഇഞ്ചുറി ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചതില്‍ പ്രതിഷേധിച്ച് സെനല്‍ ടീം കളംവിട്ടിരുന്നു.

ഇതോടെ 17 മിനിറ്റാണ് കളി മുടങ്ങിയത്. സെനഗല്‍ താരം സാദിയോ മാനെയുടെ ഇടപെടല്‍മൂലമാണ് സഹതാരങ്ങള്‍ തിരിച്ചെത്തിയത്. ഈ സംഭവത്തിലാണ് സെനഗല്‍ ഫെഡറേഷനെതിരേ നടപടി.സെനഗല്‍ ടീമിന്റെ പരിശീലകന്‍ പെപ്പെ തിയാവിന് അഞ്ചു മത്സരങ്ങളില്‍ വിലക്കും 92 ലക്ഷം രൂപ പിഴയുമുണ്ട്. സെനഗല്‍ താരങ്ങളായ ഇല്ലിമാന്‍ എന്‍ഡിയ, ഇസ്മായില സാര്‍ എന്നിവര്‍ക്ക് രണ്ടുമത്സരങ്ങളിലാണ് വിലക്ക്. മൊറോക്കോ താരം ഇസ്മായില്‍ സെയ്ബാരിക്ക് 92 ലക്ഷം രൂപയും മൂന്നുമത്സരങ്ങളില്‍ വിലക്കുമുണ്ട്.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലിന് പിന്നാലെയാണ് 'കൂടോത്ര' വിവാദം ചര്‍ച്ചയായത്. ഫൈനലിനിടെ സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക് ടൗവല്‍ നല്‍കുന്നത് മൊറോക്കന്‍ താരങ്ങള്‍ തുടര്‍ച്ചയായി തടഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരങ്ങള്‍ക്ക് പുറമേ ബോള്‍ ബോയ്‌സിനെ നിയോഗിച്ചും ടൗവല്‍ നല്‍കുന്നത് തടയാനാണ് മൊറോക്കന്‍ ടീം ശ്രമിച്ചത്. ടൗവലില്‍ കൂടോത്രം ഒളിപ്പിച്ചിട്ടുണ്ടെന്ന വിശ്വസിച്ചാണ് മൊറോക്കന്‍ താരങ്ങള്‍ ഇത് കൈമാറുന്നത് തടയാനൊരുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്.

ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ഇത്തരത്തില്‍ ടൗവലില്‍ കൂടോത്രം ഒളിപ്പിച്ചുകൊണ്ടുവരാറുണ്ടെന്ന് വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഫൈനലിലും സെനഗല്‍ ടീം ഇത്തരത്തില്‍ നീക്കം നടത്തിയതായാണ് മൊറോക്കന്‍ സംഘം വിശ്വസിച്ചത്. ഫൈനലിനിടെ ഗ്ലൗവിലെ നനവുതുടയ്ക്കാന്‍ സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡി ഇടയ്ക്കിടെ ടൗവല്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് കൂടോത്രം ഒളിപ്പിച്ചതാണെന്ന് മോറോക്കന്‍ ടീം സംശയിച്ചു. മത്സരത്തില്‍ അവസരങ്ങള്‍ മുതലാക്കാനാവാത്തത് ഇതിനാലായിരിക്കാമെന്നാണ് മൊറോക്കന്‍ താരങ്ങള്‍ കരുതിയത്. അതോടെയാണ് എന്തുവിലകൊടുത്തും ടൗവല്‍ കൈമാറുന്നത് തടയാന്‍ അവര്‍ ഒരുങ്ങിയത്.

ബോള്‍ ബോയ്സും ടൗവല്‍ എടുത്തുമാറ്റാന്‍തുടങ്ങി. ഒരുതവണ മൊറോക്കോ ക്യാപ്റ്റന്‍ അഷ്റഫ് ഹക്കീമിയും ടൗവല്‍ എടുത്ത് പുറത്തേക്കിട്ടു. ഗ്ലൗ തുടയ്ക്കാന്‍ ടൗവല്‍ കിട്ടാതിരിക്കാനാണ് ഇവര്‍ ഈ തന്ത്രം പയറ്റിയത്. ഇതോടെ രണ്ടാം ഗോള്‍കീപ്പര്‍ ദിയൂഫിനെ ടൗവലുമായി ടീം മാനേജ്മെന്റ് ഗോള്‍പോസ്റ്റിനടുത്തേക്ക് പറഞ്ഞുവിട്ടു. പിന്നീട് മെന്‍ഡിക്ക് ആവശ്യംവരുമ്പോഴൊക്കെ ദിയൂഫാണ് നല്‍കിയത്. ഒരുതവണ ബോള്‍ബോയ്സ് ദിയൂഫിന്റെ പക്കല്‍നിന്ന് ടൗവല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും ഗോള്‍കീപ്പര്‍ അത് തടയാന്‍ശ്രമിക്കുന്നതിനിടെ മൈതാനത്ത് വീഴുന്നതുമൊക്കെ വീഡിയോയിലുണ്ട്.

ഇഞ്ചുറി ടൈമില്‍ സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡി മൊറോക്കോ പെനാല്‍ട്ടി രക്ഷപ്പെടുത്തുകയും എക്‌സ്ട്രാ ടൈമിലെ ഗോളില്‍ സെനഗല്‍ ജയിക്കുകയുംചെയ്തു. എതിര്‍കളിക്കാരില്‍നിന്നും ബോള്‍ ബോയ്‌സില്‍ നിന്നും മെന്‍ഡിയുടെ ടൗവല്‍ സംരക്ഷിച്ചതോടെ ദിയൂഫിന് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലും ദിയൂഫിന്റെ ടൗവല്‍ സംരക്ഷണം വൈറലാണ്.

ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആഫ്രിക്കയില്‍ ഒട്ടേറെതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജുജു എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം ക്രിയകള്‍ ചെയ്ത വസ്തുക്കളും മറ്റും കൈവശം വെച്ചാല്‍ ഭാഗ്യം വരുമെന്നാണ് വിശ്വാസം. ആ വിശ്വാസമാണ് മൊറോക്കന്‍ ടീമിനെ ടൗവല്‍ നല്‍കുന്നത് തടയാന്‍ പ്രേരിപ്പിച്ചത്.






Tags: