ക്ലബ്ബ് ലോകകപ്പില്‍ ഇന്ന് കലാശപോര്; കന്നിക്കിരീടം ലക്ഷ്യമിട്ട് പിഎസ്ജി, പ്രതാപം വീണ്ടെടുക്കാന്‍ ചെല്‍സി

Update: 2025-07-13 06:24 GMT

ന്യൂയോര്‍ക്ക്: ക്ലബ്ബ് ലോകകപ്പിന് ഇന്ന് കലാശക്കൊട്ട്. ആറ് വന്‍കരകളിലെ 32 ടീമുകള്‍ മല്‍സരിച്ച ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് ഫൈനലിന് ന്യൂയോര്‍ക്ക് വേദിയാവും. ഞായറാഴ്ച രാത്രി 12.30-ന് ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ഫ്രഞ്ച് ക്ലബ്ബ്് പിഎസ്ജിയും ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുമാണ് ഫൈനലില്‍ നേര്‍ക്കുനേര്‍വരുന്നത്. പിഎസ്ജി കന്നിക്കിരീടമാണ് മോഹിക്കുന്നതെങ്കില്‍ ചെല്‍സി രണ്ടാം കിരീടത്തിലാണ് കണ്ണുവെച്ചിരിക്കുന്നത്.

ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലാണ് പിഎസ്ജി. ഫ്രഞ്ച് ഫുട്ബോളിലെ മൂന്ന് കിരീടങ്ങള്‍ക്കൊപ്പം ചാംപ്യന്‍സ് ലീഗും നേടിയ ടീം ക്ലബ്ബ് ലോകകപ്പില്‍ ആദ്യമായി മുത്തമിടാമെന്ന പ്രതീക്ഷയിലാണ്. നിലവിലെ ഫോമില്‍ അത് അസാധ്യവുമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ ക്ലബ്ബ് ബോട്ടാഫോഗോയോട് മാത്രമാണ് ടീം തോറ്റത്. ഫ്രഞ്ച് ലീഗിലും ചാംപ്യന്‍സ് ലീഗിലും ക്ലബ്ബ് ലോകകപ്പിലും അസാധ്യഫോമിലാണ് ടീം.

മികച്ച മുന്നേറ്റനിര, അതിനൊത്ത മധ്യനിരയും പ്രതിരോധവും. തന്ത്രശാലിയായ പരിശീലകന്‍ ലൂയി എന്റീക്കെ ടീമിനെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. താരജാഡകളില്ലാതെ ടീമായി കളിക്കാന്‍ ഫ്രഞ്ച് ക്ലബ്ബിന് കഴിയുന്നുണ്ട്. നോക്കൗട്ട് ഘട്ടത്തില്‍ ആധികാരികജയമാണ് ടീം നേടിയത്. ഒസുമാനെ ഡെംബലെ-ഖ്വിച്ച ക്വാറത്സ്ഖേലിയ-ഡിസെയ്ര്‍ ദുവ എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിര മികച്ചതാണ്. മധ്യനിരയില്‍ ഫാബിയന്‍ റൂസും വിറ്റീന്യയും ജാവോ നെവാസും കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിങ്ബാക്കുകളായ അഷ്റഫ് ഹക്കീമിയും നൂനോ മെന്‍ഡസും അതിവേഗത്തില്‍ ആക്രമണം സംഘടിപ്പിക്കാന്‍ കഴിവുള്ളവര്‍. നായകന്‍ മാര്‍ക്വിനോസ് കളിക്കുന്ന സെന്‍ട്രല്‍ ഡിഫന്‍സ് ഭദ്രമാണ്. ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണറുമ്മയെ അത്ര എളുപ്പം മറികടക്കാനുമാകില്ല.

ചെല്‍സി മുന്‍പ് 2021-ലാണ് ക്ലബ്ബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പായി. കപ്പ് തിരിച്ചുപിടിക്കാനാണ് ഇംഗ്ലീഷ് ക്ലബ്ബ് കളത്തിലിറങ്ങുന്നത്. എന്‍സോ മരെസ്‌ക പരിശീലിപ്പിക്കുന്ന ടീമിന് നോക്കൗട്ട് ഘട്ടത്തില്‍ വമ്പന്‍ എതിരാളികളെ നേരിടേണ്ടിവന്നില്ലെന്ന പോരായ്മയുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ ക്ലബ്ബ് ഫ്ളമെംഗോയോട് തോറ്റെങ്കിലും പിന്നീട് പ്രകടനം ഘട്ടംഘട്ടമായി മെച്ചപ്പെടുത്തിയാണ് മുന്നേറിയത്. ബ്രസീലിയന്‍ താരം ജാവോ പെഡ്രോയുടെ മിന്നുന്നഫോമിലാണ് ടീം പ്രതീക്ഷവയ്ക്കുന്നത്. സെമിയില്‍ പെഡ്രോയുടെ ഇരട്ടഗോളാണ് ടീമിന് തുണയായത്. പെഡ്രോ നെറ്റോ-ക്രിസ്റ്റഫര്‍ എന്‍കുങ്കു എന്നിവരാകും മുന്നേറ്റത്തിലെ പങ്കാളികള്‍. എന്‍സോ ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കുന്ന മധ്യനിര മികച്ചതാണ്. മോയ്സെസ് കെയ്സാഡോ-കോള്‍ പാല്‍മര്‍ എന്നിവരാണ് മധ്യനിരയിലെ മറ്റ് താരങ്ങള്‍.







Tags: