ചാംപ്യന്‍സ് ലീഗ് സെമി; ആഴ്‌സണലിന് ഞെട്ടല്‍; ഹോം ഗ്രൗണ്ടില്‍ പിഎസ്ജിയോട് പരാജയം; ബാഴ്‌സ ഇന്നിറങ്ങും
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആഴ്സണലിനെ അവരുടെ തട്ടകത്തില്‍ ചെന്ന് വീഴ്ത്തി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ആദ്യപാദസെമിയില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് പിഎസ്ജിയുടെ ജയം. ഒസ്മാനെ ഡെംബലെയാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ പിഎസ്ജി ആഴ്സണലിനെ ഞെട്ടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ വിങ്ങര്‍ ക്വച്ച ക്വാറട്സ്‌കേലിയ പന്ത് ഡെംബലെയ്ക്ക് നീട്ടി. ഉഗ്രന്‍ ഇടംകാലന്‍ ഷോട്ടിലൂടെ താരം വലകുലുക്കി. മുന്നിലെത്തിയ പിഎസ്ജി നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നു. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ഗണ്ണേഴ്സും മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ പിഎസ്ജി പ്രതിരോധത്തെ മറികടക്കാനായില്ല. ജയത്തോടെ ഫ്രഞ്ച് വമ്പന്മാര്‍ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി. മേയ് എട്ടിനാണ് രണ്ടാം പാദസെമി.
അതേസമയം മറ്റൊരുസെമിയില്‍ ബുധനാഴ്ച ബാഴ്സലോണയും ഇന്റര്‍മിലാനും ഏറ്റുമുട്ടും. സ്പാനിഷ് കോപ്പ ഡെല്‍റേയില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെ കീഴടക്കി കപ്പുയര്‍ത്തിയതിന്റെ ആവേശത്തിലാണ് ബാഴ്സലോണ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നത്.
സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി കളിക്കാനില്ലാത്തത് ബാഴ്സയ്ക്ക് പ്രതിസന്ധിയുണ്ടാക്കും. പേശികള്‍ക്കേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. പരിക്കില്‍നിന്ന് മുക്തനായ ഇടതുവിങ്ബാക്ക് അലെസാന്‍ഡ്രോ ബാള്‍ഡെ ബാഴ്സാനിരയില്‍ കളിക്കാന്‍ സാധ്യതയുണ്ട്. മുന്നേറ്റത്തില്‍ ഫെറാന്‍ ടോറസ്, ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ, റഫീന്യ എന്നിവര്‍ ഇറങ്ങും. ആദ്യപാദത്തില്‍ മികച്ചജയത്തോടെ ഫൈനല്‍വഴി എളുപ്പമാക്കാനാകും പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിന്റെ ശ്രമം.
സിമോണെ ഇന്‍സാഗിയുടെ ഇന്റര്‍മിലാന്‍ സീരി എയില്‍ തുടര്‍ച്ചയായ രണ്ടുകളികളില്‍ തോറ്റതിന്റെ ക്ഷീണത്തിലാണ്. കളിക്കാരുടെ പരിക്കും സസ്പെന്‍ഷനുമാണ് തിരിച്ചടിയായത്. ക്യാപ്റ്റന്‍ ലൗട്ടാറോ മാര്‍ട്ടിനെസും മാര്‍ക്കസ് തുറാമും കളിക്കുന്ന മുന്നേറ്റനിര ശക്തമാണ്.
