മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡിന് ജീവന്‍മരണ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ റയലിന്റെ എതിരാളി ബൊറൂസിയാ മൊന്‍ഷന്‍ഗ്ലാഡ്ബാഹാണ്. ഗ്രൂപ്പില്‍ ബൊറൂസിയ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തും റയല്‍ ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ശക്തര്‍ ഡൊണറ്റ്സക്കും നാലാം സ്ഥാനത്ത് ഇന്റര്‍മിലാനുമാണ്. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ശക്തര്‍ ഇന്റര്‍മിലാനുമായാണ് കൊമ്പുകോര്‍ക്കുന്നത്.
ഇന്ന് ജയിച്ചാല്‍ മാത്രമാണ് റയലിന് അടുത്ത റൗണ്ട് പ്രതീക്ഷയുള്ളൂ. രണ്ടാം മല്‍സരത്തില്‍ ഇന്റര്‍ ശക്തറിനെ തോല്‍പ്പിക്കുന്ന പക്ഷം ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാവും റയലിന്റെ സ്ഥാനകയറ്റം. ഇന്ന് റയല്‍ തോറ്റാല്‍ കഴിഞ്ഞ 23 വര്‍ഷത്തിനിടെ ആദ്യമായി ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ട് കാണാതെ സിദാന്റെ കുട്ടികള്‍ പടിയിറങ്ങും. റയലിന് രണ്ട് തവണ ചാംപ്യന്‍സ് ലീഗ് നേടിക്കൊടുത്ത കോച്ച് സിദാന് ഇത്തവണത്തെ ചാംപ്യന്‍സ്് ലീഗ് ഗ്രൂപ്പ് ഘട്ടം കടുത്തതായിരുന്നു. ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്സക്കിനോടേറ്റ രണ്ട് തോല്‍വികളാണ് റയലിന് വിനയായത്. 13 തവണ ചാംപ്യന്‍സ് ലീഗ് നേടിയ റയലിനെ ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയാ തളയ്ക്കുമോ എന്ന് കണ്ടറിയാം. ഇന്ന് അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം.
ഇന്ന് നടക്കുന്ന മറ്റൊരു നിര്‍ണ്ണായക മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ആര്‍ ബി സാള്‍സ്ബര്‍ഗിനെ നേരിടും. ഗ്രൂപ്പ് എയില്‍ ബയേണ്‍ നേരത്തെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോക്ക് ആറ് പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സാള്‍സ്ബര്‍ഗിന് നാല് പോയിന്റാണുള്ളത്.ഇന്ന് ജയിച്ചാല്‍ അത്ലറ്റിക്കോയ്ക്കും അവസാന 16ല്‍ ഇടം നേടാം. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ സാള്‍സ്ബര്‍ഗിന് മാഡ്രിഡിന് പിന്‍തള്ളി രണ്ടാം സ്ഥാനക്കാരായി 16ല്‍ ഇടം നേടാം.