ആന്‍ഫീല്‍ഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍മാരുടെ ഗോളടി മേളം തുടരുന്നു. ചെല്‍സി 5-1നു അയാക്സിനേയും ലിവര്‍പൂള്‍ 5-1നു ഫ്രാങ്ക്ഫര്‍ടിനേയും ബയേണ്‍ മ്യൂണിക്ക് 4-0ത്തിനു ക്ലബ് ബ്രുഗയേയും പരാജയപ്പെടുത്തി. മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ഒറ്റ ഗോളിനു യുവന്റസിനെ വീഴ്ത്തി. ഗലാത്സരെ 3-1നു ഗ്ലിംറ്റിനെ പരാജയപ്പെടുത്തി.
അയാക്സിനെതിരെ 18ാം മിനിറ്റില്‍ മാര്‍ക്ക് ഗ്യുയു ആണ് ചെല്‍സിയുടെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 27ാം മിനിറ്റില്‍ മൊയ്സെസ് കസെയ്ഡോ, തുടരെ രണ്ട് പെനാല്‍റ്റികള്‍ വലയിലാക്കി എന്‍സോ ഫെര്‍ണാണ്ടസ്, എസ്റ്റെവായോ എന്നിവരും വല ചലിപ്പിച്ചു. 48ാം മിനിറ്റില്‍ ടയിരിഖ് ജോര്‍ജ് പട്ടിക പൂര്‍ത്തിയാക്കി.
പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികളുമായി നട്ടം തിരിയുന്ന ലിവര്‍പൂളിനു ആശ്വാസം നല്‍കുന്നതാണ് ഫ്രാങ്ക്ഫര്‍ട്ടിനെതിരായ വമ്പന്‍ ജയം. 35ാം മിനിറ്റില്‍ എകിറ്റികെ, 39ല്‍ വിര്‍ജില്‍ വാന്‍ ഡെയ്ക്, 44ാം മിനിറ്റില്‍ കൊനാറ്റെ, 66ാം മിനിറ്റില്‍ കോഡി ഗാക്പോ, 70ാം മിനിറ്റില്‍ സബോസ്ലായ് എന്നിവരാണ് ലിവര്‍പൂളിനായി വല കുലുക്കിയത്.
അഞ്ചാം മിനിറ്റില്‍ 17കാരന്‍ ലെന കാളിലൂടെയാണ് ബയേണ്‍ ക്ലബ്ബ് ബ്രുഗയ്ക്കെതിരെ ഗോളടി തുടങ്ങിയത്. താരത്തിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോള്‍ കൂടിയാണിത്. പിന്നാലെ 14ാം മിനിറ്റില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോളും 34ല്‍ ലൂയിസ് ഡിയാസ് മൂന്നാം ഗോളും നേടി. 79ാം മിനിറ്റില്‍ നിക്കോളാസ് ജാക്സനാണ് പട്ടിക തികച്ചത്. ജൂഡ് ബെല്ലിങ്ഹാം രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് റയല്‍ സ്വന്തം തട്ടകത്തില്‍ യുവന്റസിനെ തകര്‍ത്തത്. കളിയുടെ 57ാം മിനിറ്റിലാണ് റയല്‍ ലീഡെടുത്തത്.
