ചാംപ്യന്‍സ് ലീഗ്; ബാഴ്‌സക്ക് ഹോം ഗ്രൗണ്ടില്‍ അടിപതറി; അത്‌ലറ്റിക്കോയോട് തോല്‍വി
ബാഴ്സലോണ : ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ബാഴ്സലോണയ്ക്ക് തോല്‍വി. ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഹാന്‍സി ഫ്‌ലിക്കിന്റെ സംഘം കീഴടങ്ങിയത്. പ്രതിരോധ താരം പൗ കുബാര്‍സി ആദ്യ പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ബാഴ്സയ്ക്ക് വിനയായത്. ഹൂലിയന്‍ അല്‍വാരസ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടത്.
കഴിഞ്ഞ ശനിയാഴ്ച ലാലിഗയില്‍ അത്‌ലറ്റിക്കോയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബാഴ്സലോണ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ അത്‌ലറ്റിക്കോ ഗോളി മുസ്സോയെ പരീക്ഷിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ലാമിന്‍ യമാലിന്റെ പാസില്‍ റാഷ്ഫോര്‍ഡ് വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിധി തിരിച്ചടിയായി.
മത്സരഗതി മാറ്റിയത് 45-ാം മിനിറ്റിലെ കുബാര്‍സിയുടെ പിഴവാണ്. ഗോള്‍ ലക്ഷ്യമാക്കി കുതിച്ച സിമിയോണിയെ വീഴ്ത്തിയതിന് കുബാര്‍സിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. പിന്നാലെ ലഭിച്ച ഫ്രീ കിക്ക് മനോഹരമായ ഒരു കര്‍വിങ് ഷോട്ടിലൂടെ ഹൂലിയന്‍ അല്‍വാരസ് വലയിലെത്തിച്ചു. ബാഴ്സ ഗോളി ജോന്‍ ഗാര്‍ഷ്യയെ കാഴ്ചക്കാരനാക്കിയായിരുന്നു അല്‍വാരസിന്റെ ഗോള്‍.
പത്തുപേരുമായി ചുരുങ്ങിയിട്ടും ബാഴ്സ പൊരുതി നോക്കി. റാഷ്ഫോര്‍ഡിന്റെ ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ബാഴ്സയ്ക്ക് നിരാശയായി. എന്നാല്‍ 70-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സോര്‍ലോത്തിലൂടെ അത്‌ലറ്റിക്കോ ലീഡ് ഉയര്‍ത്തി. റുഗേരിയുടെ ക്രോസില്‍ നിന്നായിരുന്നു സോര്‍ലോത്തിന്റെ ഫിനിഷിങ്. അവസാന നിമിഷങ്ങളില്‍ കാന്‍സലോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും ബാഴ്സയ്ക്ക് തിരിച്ചടിയായി. രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പാദത്തിന് അത്‌ലറ്റിക്കോ തയ്യാറെടുക്കുമ്പോള്‍, എതിരാളികളുടെ തട്ടകത്തില്‍ അത്ഭുതം ആവര്‍ത്തിക്കാന്‍ ബാഴ്സലോണയ്ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
