ചാംപ്യന്‍സ് ലീഗ്; രണ്ടാം പാദത്തിലും ആഴ്സണല്‍ വീണു; പിഎസ്ജി - ഇന്റര്‍ മിലാന്‍ ഫൈനല്‍
പാരീസ്: ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇത്തവണ ഫ്രഞ്ച് - ഇറ്റാലിയന്‍ അങ്കം.സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ സെമിയില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിനെ 2-1ന് കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഫൈനലില്‍ പ്രവേശിച്ചു. ക്ലബ്ബിന്റെ രണ്ടാം ചാംപ്യന്‍സ് ലീഗ് ഫൈനലാണിത്. ആഴ്സണലിനെതിരേ ഇരു പാദങ്ങളിലുമായി 3-1ന്റെ ജയത്തോടെയാണ് പിഎസ്ജിയുടെ ഫൈനല്‍ പ്രവേശനം. കഴിഞ്ഞയാഴ്ച ആഴ്സണലിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ പിഎസ്ജി എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇന്ത്യന്‍ സമയം ജൂണ്‍ ഒന്നിന് പുലര്‍ച്ചെ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബും ഫ്രഞ്ച് ക്ലബ്ബും ഏറ്റുമുട്ടും.
27ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസും 72-ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയുമാണ് പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത്. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ച ആഴ്സണലിന് പിഎസ്ജി ഗോള്‍കീപ്പര്‍ ജിയാന്‍ലുജി ഡൊണ്ണരുമ്മയുടെ മികവും തിരിച്ചടിയായി. 76-ാം മിനിറ്റില്‍ ബുകായോ സാക്കയാണ് ആഴ്സണലിന്റെ ഏക ആശ്വാസ ഗോള്‍ നേടിയത്. ചാംപ്യന്‍ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ 15-ാം സ്ഥാനത്തായിപ്പോയ ടീമായിരുന്നു പിഎസ്ജി. പിന്നീട് മികച്ച മുന്നേറ്റം നടത്തിയ ടീം ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി.