ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ നെയ്മറിന് ലോകകപ്പ് ടീമില്‍ ഇടം നല്‍കുമെന്ന് കാര്‍ലോ ആന്‍സലോട്ടി
റിയോ ഡി ജനീറോ: ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ ലോകകപ്പ് ടീമില്‍ നെയ്മറിന് ഇടം നല്‍കുമെന്ന് ബ്രസീലിന്റെ ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ചിലിക്കെതിരെയും ബൊളീവിയക്കെതിരെയും നെയ്മറിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് ആന്‍സലോട്ടിയുടെ പ്രതികരണം. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ നെയ്മര്‍ക്ക് വീഴ്ച പറ്റിയാല്‍ ബ്രസീലിന്റെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കില്ലെന്നും ആന്‍സലോട്ടി സൂചന നല്‍കി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി പരിക്കുകളാല്‍ ബുദ്ധിമുട്ടുന്ന നെയ്മറിന്റെ ഫിറ്റ്‌നസ് ഒരു പ്രശ്‌നമായിട്ടുണ്ടെന്നും, താരത്തിന്റെ ഫിറ്റ്‌നസാണ് ടീമിലെടുക്കാത്തതിനു കാരണമെന്നും കോച്ച് വ്യക്തമാക്കി. നെയ്മര്‍ ഫിറ്റ്‌നസോടെ കളിക്കുകയാണെങ്കില്‍ ബ്രസീല്‍ ടീമിലെത്താന്‍ അദ്ദേഹത്തിന് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ആന്‍സലോട്ടി പറഞ്ഞു. ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ശക്തമായ ഫിറ്റ്‌നസ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബറില്‍ കാല്‍മുട്ടിന് ഗുരുതരമായ പരിക്കു പറ്റിയ നെയ്മര്‍ ചികില്‍സയ്ക്കു ശേഷം സൗദി ക്ലബ് അല്‍ ഹിലാലില്‍ നിന്ന് തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരുന്നു. മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും ഫിറ്റ്‌നസ് പലപ്പോഴും തിരിച്ചടിയാവാറുണ്ട്.