കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍; മുന്നിലുള്ള ആദ്യ കടമ്പ ലോകകപ്പ് യോഗ്യത

Update: 2025-05-13 12:25 GMT

റിയോ ഡി ജനീറ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടിയെ നിയമിച്ചു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ടാണ് ആഞ്ചലോട്ടി ബ്രസീല്‍ ടീമിനൊപ്പം ചേരുന്നത്. ലാ ലിഗ സീസണ്‍ അവസാനിച്ചതിന് ശേഷം ഈമാസം 26 നാണ് 65 കാരനായ ഇറ്റാലിയന്‍ പരിശീലകന്‍ ഔദ്യോഗികമായി ബ്രസീല്‍ ടീമിന്റെ ചുമതല ഏറ്റെടുക്കുക. പുറത്താക്കപ്പെട്ട ഡോറിവല്‍ ജൂനിയറിന് പകരമാണ് നിയമനം.

ആഞ്ചലോട്ടിക്ക് പകരം സാബി അലോന്‍സോ റയല്‍ മാഡ്രിഡിന്റെ പുതിയ കോച്ചാവും. ജര്‍മ്മന്‍ ക്ലബ് ബയര്‍ ലെവര്‍ക്യൂസനില്‍ നിന്ന് മൂന്ന് വര്‍ഷ കരാറിലാണ് സാബി അലോന്‍സോ റയലില്‍ എത്തുന്നത്. ക്ലബ് ലോകകപ്പിലാവും റയല്‍ കോച്ചായി സാബി അലോന്‍സോയുടെ അരങ്ങേറ്റം.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജൂണ്‍ ആറിന് ഇക്വഡോറിനെതിരെ ആയിരിക്കും ബ്രസീല്‍ പരിശീലകനായി ആഞ്ചലോട്ടിയുടെ അരങ്ങേറ്റം. റയല്‍ മാഡ്രിഡിന് 15 കിരീടം നേടിക്കൊടുത്ത ആഞ്ചലോട്ടി ഈ സീസണില്‍ കനത്ത തിരിച്ചടി നേരിട്ടു. എല്‍ ക്ലാസിക്കോയില്‍ ഇത്തവണ ബാഴ്‌സലോണയുമായി ഏറ്റുമുട്ടിയ നാല് മത്സരത്തിലും റയല്‍ തോറ്റിരുന്നു.




Tags: