ലീഗ് കപ്പ്; ചെല്‍സിക്ക് വമ്പന്‍ ജയം;യുനൈറ്റഡ് രക്ഷപ്പെട്ടു
ഇന്ന് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഗ്രിംസ്ബേയെ 7-1നാണ് ചെല്‍സി തോല്‍പ്പിച്ചത്.
ന്യൂയോര്‍ക്ക്: കാരബാവോ കപ്പില്‍(ലീഗ് കപ്പ്) ചെല്‍സി വമ്പന്‍ ജയം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്ന് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഗ്രിംസ്ബേയെ 7-1നാണ് ചെല്‍സി തോല്‍പ്പിച്ചത്. ചെല്‍സിയുടെ യുവനിരയെയാണ് ഇന്നിറക്കിയത്. മറ്റൊരു മല്‍സരത്തില്‍ യുനൈറ്റഡ് ലീഗ് വണ്‍ ടീമായ റോച്ഡൈലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. 5-3നാണ് യുനൈറ്റഡിന്റെ ജയം. റോച്ഡൈലിന് മുന്നില്‍ യുനൈറ്റഡ് ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു. ലിവര്‍പൂള്‍ എംകെ ഡോണ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഓക്സ്ഫോര്‍ഡ് യുനൈറ്റഡ് വെസ്റ്റ്ഹാമിനെ എതിരില്ലാത്ത നാല് ഗോളിനും തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രെസ്റ്റണ് നോര്‍ത്ത് എന്‍ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പ്പിച്ചു.ലീഗ് കപ്പിന്റെ നാലാം റൗണ്ട് പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍ ആഴ്സണലിനെയും ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും നേരിടും. മറ്റ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി സൗത്താംപ്ടണിനെയും എവര്ട്ടണ് വാറ്റ്ഫോര്‍ഡിനെയും ആസ്റ്റണ്‍ വില്ല വോള്‍വ്സിനെയും നേരിടും.