കാഫ നേഷന്‍സ് കപ്പ്; ഖാലിദ് ജമീല്‍ സ്‌ക്വാഡിന് ഇന്ന് ഭീമന്‍ വെല്ലുവിളി; എതിരാളികള്‍ ഇറാന്‍
ഇന്ത്യയില്‍ ഫാന്‍കോഡ് ആപ്പിലൂടെയാണ് മല്‍സരത്തിന്റെ സംപ്രേഷണം. വൈകിട്ട് 5.30നാണ് മല്‍സരം.
ഹിസോര്‍: കാഫ നേഷന്‍സ് കപ്പില്‍ ഇന്ന് ഇന്ത്യയ്ക്ക് മുന്നില്‍ അഗ്നിപരീക്ഷ. ലോകറാങ്കിങിലെ 20ാം സ്ഥാനക്കാരായ ഇറാനാണ് ഇന്ത്യയുടെ എതിരാളി. റാങ്കിങില്‍ 133ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് വിജയപ്രതീക്ഷകള്‍ കുറവാണെങ്കിലും പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് പ്രതീക്ഷയുണ്ട്. ആദ്യമല്‍സരത്തില്‍ താജികിസ്താനെ 2-1ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ആരാധകരും ഇന്ത്യന്‍ ടീമിന്റെ പുതിയ പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
താജിക്കിസ്താനെതിരേ പെനല്‍റ്റി സേവ് ചെയ്ത് ഗോള്‍കീപ്പര്‍ ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിങ് സന്ധു നടത്തിയ വീരോചിത പ്രകടനമാണ് ഇന്ത്യന്‍ ആരാധകരുടെ മനസ്സിലിപ്പോഴും ബാക്കി. സമീപകാല പ്രകടനങ്ങളില്‍നിന്നു വ്യത്യസ്തമായി പ്രതിരോധ നിര ഉണര്‍ന്നു കളിച്ചതിന്റെ ഫലമായിരുന്നു മല്‍സരവിജയം.
ഏഷ്യന്‍ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ 2ാം സ്ഥാനക്കാരാണ് ഇറാന്‍. കാഫ നേഷന്‍സ് കപ്പിലെ ടോപ് റാങ്ക് ടീമും ഇറാനാണ്. 3 തവണ ഏഷ്യന്‍ കപ്പ് കിരീടം നേടിയിട്ടുള്ള ഇറാന്‍ അടുത്തവര്‍ഷത്തേത് ഉള്‍പ്പെടെ 7 ലോകകപ്പുകള്‍ക്കു യോഗ്യത നേടിയവരാണ്.അച്ചടക്കമുള്ള പ്രതിരോധവും ഇന്‍ജറി ടൈം വരെ കെടാത്ത പോരാട്ടവീര്യവുമാണ് പരമ്പരാഗതമായി ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ മികവായി വിലയിരുത്തപ്പെടുന്നത്. ഇത്തരം ഗുണങ്ങളുള്ള ഒരു ടീമിനെതിരെ കളിക്കുന്നത് ഇന്ത്യന്‍ ടീമിന്റെ പ്രകടനനിലവാരം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയാണു നിരീക്ഷകര്‍ക്കുള്ളത്. കാഫ കപ്പില്‍ ആദ്യമല്‍സരത്തില്‍ ഇറാന്‍ 3-1ന് അഫ്ഗാനിസ്ഥാനെ തോല്‍പിച്ചിരുന്നു.
ഇന്ത്യ ഇറാനെ അവസാനമായി പരാജയപ്പെടുത്തിയത് 1959ല്‍ കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍. 31ന് ജയിച്ച മത്സരത്തില്‍ ഇന്ത്യയ്ക്കായി ചുനി ഗോസ്വാമി, യൂസഫ് ഖാന്‍, തുളസിദാസ് ബാലാറാം എന്നിവരാണു ഗോള്‍ നേടിയത്. അതിനു മുന്‍പ് 1951 ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഇറാനെ 10ന് തോല്‍പിച്ച് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഏറ്റവുമൊടുവില്‍ ഇറാനെ ഇന്ത്യ നേരിട്ടത് 2018ല്‍ ടെഹ്‌റാനില്‍ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരത്തിലാണ്.അന്ന് ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഫാന്‍കോഡ് ആപ്പിലൂടെയാണ് മല്‍സരത്തിന്റെ സംപ്രേഷണം. വൈകിട്ട് 5.30നാണ് മല്‍സരം.

