കാഫ നേഷന്‍സ് കപ്പ്; ഇന്ത്യക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സന്ദേശ് ജിങ്കന്‍ പുറത്ത്
ബെംഗളൂരു: കാഫ നേഷന്‍സ് കപ്പില്‍ ഇറാനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി. മല്‍സരത്തിനിടെ പരിക്കേറ്റ സന്ദേശ് ജിങ്കന്‍ ഇന്ത്യയിലേക്ക് മടങ്ങും. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ജിങ്കന് പരിക്കേറ്റെങ്കിലും പിച്ചില്‍ തുടര്‍ന്ന താരം 90 മിനിറ്റ് മുഴുവന്‍ കളിച്ചു. മുന്‍ ചാംപ്യന്‍മാരായ ഇറാനെതിരെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
'മെന്‍ ഇന്‍ ബ്ലൂവിലെ യഥാര്‍ത്ഥ യോദ്ധാവാണെന്ന് വീണ്ടും തെളിയിച്ചു, കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്കായുള്ള മല്‍സരത്തില്‍ പ്രതിരോധ താരം സന്ദേശ് ജിങ്കന് പരിക്കേറ്റിരുന്നു, ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് താരം പുറത്തായി. അദ്ദേഹം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും,' ഇന്ത്യന്‍ ഫുട്ബോള്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
ജിങ്ങന്റെ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കും. എഎഫ്സി 2 സീസണില്‍ സെപ്റ്റംബര്‍ 17 ന് അല്‍-സവ്‌റ എസ്സിക്കെതിരെ എഫ്‌സി ഗോവയില്‍ താരത്തിന്റെ സാന്നിധ്യം നിര്‍ണായകമാണ്. അല്‍-സീബ് ക്ലബ്ബിനെരിരെ 2-1 വിജയം നേടി ഗോവയെ എഎഫ്സി ടൂര്‍ണമെന്റില്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍ സെന്റര്‍ ഡിഫന്‍സ് താരം ജിങ്കന്റെ പങ്ക് പ്രധാനമായിരുന്നു.