റിയോ ഡി ജനീറോ: ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍ സമ്മോഹനമായൊരു അധ്യായം എഴുതി ചേര്‍ത്ത് ബ്രസീല്‍ ഗോള്‍ കീപ്പര്‍ ഫാബിയോ (ഫാബിയോ ഡേവിസന്‍ ലോപസ് മാസിയേല്‍). പ്രൊഫഷണല്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ഫ്ളുമിനെന്‍സ് താരം ഫാബിയോയ്ക്ക്.
44കാരന്‍ പ്രൊഫഷണല്‍ കരിയറില്‍ 1391 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിഹാസ ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ റെക്കോര്‍ഡാണ് ഫാബിയോ മറികടന്നത്. മാരക്കാന സ്റ്റേഡിയത്തില്‍ അരങ്ങേറിയ കോപ സുഡാമേരിക്കാന പോരാട്ടത്തില്‍ കൊളംബിയ ടീം അമേരിക്ക ഡി കാലിക്കെതിരായ പോരാട്ടത്തില്‍ ഇറങ്ങിയതോടെയാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ ഫ്ളുമിനെന്‍സ് 2-0ത്തിനു വിജയവും സ്വന്തമാക്കി.
1997 മുതലാണ് താരം പ്രൊഫഷണല്‍ ഫുട്ബോള്‍ ആരംഭിക്കുന്നത്. വാസ്‌കോ ഡ ഗാമയ്ക്കായാണ് കളിച്ചു തുടങ്ങിയത്. 150 മല്‍സരങ്ങള്‍ അദ്ദേഹം ടീമിനായി കളിച്ചു. പിന്നീട് ക്രുസെയ്രോയ്ക്കായി 976 മല്‍സരങ്ങളും കളിച്ചു. 2022 മുതല്‍ ഫ്ളുമിനെന്‍സ് താരമാണ്. ഇതുവരെയായി ടീമിനു വേണ്ടി 235 മല്‍സരങ്ങള്‍ കളിച്ചു.
2023ല്‍ ഫ്ളുമിനെന്‍സിന്റെ കോപ്പ ലിബര്‍ട്ടഡോറസ് കിരീട നേട്ടത്തില്‍ ഫാബിയോ പങ്കാളിയായി. ഇത്തവണ ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിയിലേക്ക് മുന്നേറിയ ടീമിലും ഫാബിയോ വല കാത്തു.
