കസിമറോ അവതരിച്ചു; ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍

FIFA World Cup

Update: 2022-11-28 18:05 GMT

ദോഹ: വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത സ്വിറ്റ്‌സര്‍ലന്റ് പ്രതിരോധം തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കസിമറോയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. പന്ത് കൈവശം വയ്ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്രസീല്‍ തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ ഫിനിഷിങിലെ അപകാത ടീമിന് നിരവധി തവണ തിരിച്ചടിയായി. സ്വിസ് ഗോളി സോമര്‍ ഒരുക്കിയ വന്‍മതില്‍ ഭേദിക്കാനും ബ്രസീല്‍ നിരയ്ക്ക് ആയില്ല. നിരവധി ഗോളവസരങ്ങളാണ് സോമര്‍ തടഞ്ഞിട്ടത്. സ്വിറ്റ്‌സര്‍ലന്റിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ കാനറികള്‍ക്ക് മുന്നില്‍ മികച്ച പ്രതിരോധ കോട്ട തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.


നെയ്മര്‍ ജൂനിയറിന്റെ അഭാവം ടീമിനെ ചെറുതായി ബാധിച്ചിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ റിച്ചാര്‍ലിസണും ഇന്ന് കാര്യമായ നീക്കം നടത്താനായില്ല.വിനീഷ്യസ് ജൂനിയര്‍ മികച്ച പ്രകടനവുമായി തിളങ്ങിയെങ്കിലും ഗോളവസരങ്ങള്‍ തുലച്ചത് താരത്തിന് തിരിച്ചടിയായി. താരത്തിന്റെ ഒരു ഗോള്‍ വാര്‍ നിഷേധിക്കുകയായിരുന്നു. ബ്രസീലിന്റെ സ്‌ട്രൈക്കര്‍മാരെല്ലാം നിരവധി അവസരങ്ങളാണ് ഇന്ന് നഷ്ടപ്പെടുത്തിയത്. 83ാം മിനിറ്റിലാണ് മിഡ്ഫീല്‍ഡര്‍ കസിമറോ വിജയഗോള്‍ നേടിയത്. ബൂള്ളറ്റ് കണക്കെയുള്ള ഷോട്ടാണ് മുന്‍ റയല്‍ താരത്തിന്റെ കാലില്‍ നിന്ന് വീണത്. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ പാസ്സ് റൊഡ്രിഗോ കസിമറോയ്ക്ക് നല്‍കുകയായിരുന്നു. ഇന്ന് നെയ്മര്‍ക്ക് പകരം ഫ്രഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയുമാണ് ടീമില്‍ ഇടം നേടിയത്. മിലിറ്റാവോ ഭേദപ്പെട്ട പ്രകടനവുമായി തിളങ്ങി.ഇഞ്ചുറി ടൈമില്‍ റൊഡ്രിഗോയും വിനീഷ്യസും മികച്ച അവസരങ്ങള്‍ പാഴാക്കിയിരുന്നു.




Tags: