കോപ്പാ അമേരിക്ക; ചിലിയെ വീഴ്ത്തി ബ്രസീല്‍ സെമിയില്‍
10 പേരായി ചുരുങ്ങിയ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്.
ബ്രസീലിയ: ചിലിയുടെ ശക്തമായ പോരാട്ടത്തെ മറികടന്ന് ബ്രസീല്‍ കോപ്പാ അമേരിക്ക സെമിയില്‍ പ്രവേശിച്ചു. 10 പേരായി ചുരുങ്ങിയ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്. സബ്‌സ്റ്റിറ്റിയൂട്ട് താരം പക്വേറ്റയുടെ വകയാണ് ബ്രസീലിന്റെ വിജയഗോള്‍. നെയ്മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 48ാം മിനിറ്റില്‍ സിറ്റി താരം ഗബ്രിയേല്‍ ജീസുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ കാനറികള്‍ സമ്മര്‍ദ്ധത്തിലായിരുന്നു. എന്നാല്‍ കിട്ടിയ അവസരം വേണ്ട പോലെ വിനിയോഗിക്കാന്‍ ചിലിക്കായില്ല. മികച്ച കളി പുറത്തെടുത്തിട്ടും ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കായില്ല. മറ്റൊരു ക്വാര്‍ട്ടറില്‍ പരാഗ്വെയെ വീഴ്ത്തിയ പെറുവാണ് ബ്രസീലിന്റെ സെമിയിലെ എതിരാളികള്‍. ആറ് ഗോളും രണ്ട് ചുവപ്പ് കാര്‍ഡും വീണ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടിരുന്നു.