പാരീസ്: ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ വമ്പന്‍ പരീക്ഷണത്തില്‍ ബ്രസീലിന് തോല്‍വി. കരുത്തരായ ഫ്രാന്‍സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോറ്റത്. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് പത്തുപേരായി ചുരുങ്ങിയിട്ടും ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതിരുന്നത് ബ്രസീല്‍ ആരാധകരെ നിരാശരാക്കി.
മല്‍സരത്തിന്റെ 32-ാം മിനിറ്റില്‍ നായകന്‍ കിലിയന്‍ എംബാപ്പെയിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. ഉസ്മാന്‍ ഡെംബെലെയുടെ പാസില്‍ നിന്ന് എഡേഴ്‌സണെ കാഴ്ചക്കാരനാക്കി എംബാപ്പെ പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ ഒലിവീര്‍ ജിറൂഡിന്റെ (57 ഗോള്‍) റെക്കോര്‍ഡിന് തൊട്ടടുത്തെത്താന്‍ എംബാപ്പെയ്ക്കായി. 56 ഗോളുകളാണ് ഇപ്പോള്‍ എംബാപ്പെയുടെ അക്കൗണ്ടിലുള്ളത്.
മല്‍സരത്തിന്റെ 55-ാം മിനിറ്റില്‍ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഫ്രാന്‍സ് പ്രതിരോധത്തിലാകുമെന്ന് കരുതിയെങ്കിലും ഫലം മറിച്ചായിരുന്നു. പത്തുപേരുമായി കളിച്ചിട്ടും തളരാത്ത ഫ്രഞ്ച് പട 65-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. മൈക്കല്‍ ഒലീസ് ഒരുക്കിയ അവസരത്തില്‍ നിന്ന് ഹ്യൂഗോ എക്കിറ്റികെയാണ് ബ്രസീലിന്റെ വല കുലുക്കിയത്. കൗണ്ടര്‍ അറ്റാക്കുകളെ തടയുന്നതില്‍ ബ്രസീല്‍ പ്രതിരോധം പരാജയപ്പെട്ടതാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീല്‍ ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചു. 78-ാം മിനിറ്റില്‍ ലൂയിസ് ഹെന്റിക്കെയുടെ ക്രോസില്‍ നിന്ന് ഗ്ലെയ്‌സണ്‍ ബ്രെമര്‍ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില പിടിക്കാന്‍ അഞ്ചലോട്ടിയുടെ സംഘത്തിനായില്ല. വിനീഷ്യസ് ജൂനിയറും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും മുന്നേറ്റത്തില്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ ടീമിന് തിരിച്ചടിയായി.
