ബ്രസീലിനെ സമനിലയില്‍ തളച്ച് സെനഗല്‍; നെയ്മറിന് റെക്കോഡ്

ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിലാണ് കോപ്പാ ചാംപ്യന്‍മാരായ ബ്രസീലിനെ സെനഗല്‍ 1-1 സമനിലയില്‍ കുരുക്കിയത്. ഫിര്‍മിനോ, നെയ്മര്‍, ജീസസ് എന്നീ ലോകതാരങ്ങള്‍ ഉള്‍പ്പെട്ട മഞ്ഞപ്പടയെ സെനഗല്‍ പിടിച്ചുകെട്ടുകയായിരുന്നു.

Update: 2019-10-10 18:16 GMT

സിംഗപ്പൂര്‍: ബ്രസീലിനെ സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ ശക്തികളായ സെനഗല്‍. ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിലാണ് കോപ്പാ ചാംപ്യന്‍മാരായ ബ്രസീലിനെ സെനഗല്‍ 1-1 സമനിലയില്‍ കുരുക്കിയത്. ഫിര്‍മിനോ, നെയ്മര്‍, ജീസസ് എന്നീ ലോകതാരങ്ങള്‍ ഉള്‍പ്പെട്ട മഞ്ഞപ്പടയെ സെനഗല്‍ പിടിച്ചുകെട്ടുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ ജീസസിന്റെ പാസ്സില്‍നിന്നാണ് ഫിര്‍മിനോ ബ്രസീലിന് ലീഡ് നല്‍കിയത്. എന്നാല്‍, ആദ്യ പകുതിക്ക് മുമ്പ് തന്നെ സെനഗല്‍ ഡൈദിഹൊയിലൂടെ സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് ആഞ്ഞ്പിടിച്ചിട്ടും ഒരു ഗോളിന്റെ ലീഡ് നേടാന്‍ ബ്രസീലിനായില്ല.

അതിനിടെ, പിഎസ്ജി താരം നെയ്മര്‍ ഇന്ന് ബ്രസീലിനായി പുതിയ ചരിത്രം രചിച്ചു. ബ്രസീലിന് വേണ്ടി 100 മല്‍സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 27 കാരനായ നെയ്മര്‍ 100 മല്‍സരങ്ങളില്‍നിന്ന് 61 ഗോളുകളും നേടിയിട്ടുണ്ട്. റെനാന്‍ ലോഡി എന്ന പുതുമുഖതാരം ബ്രസീലിനായി അരങ്ങേറ്റം കുറിച്ച മല്‍സരമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സൗഹൃദമല്‍സരത്തില്‍ ജര്‍മ്മനിയെ അര്‍ജന്റീന 2-2 സമനിലയില്‍ തളച്ചിരുന്നു. രണ്ട് ഗോളിന് പിന്നില്‍നിന്ന ശേഷമാണ് അര്‍ജന്റീന രണ്ട് ഗോള്‍ നേടിയത്. 

Tags:    

Similar News