കൊച്ചിയില്‍ ഇന്ന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ മുംബൈ സിറ്റി
കൊച്ചി: ഐഎസ്എല്‍ സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ എഫ് സിയെ നേരിടും. ഒരേയൊരു പോയിന്റാണു മുംബൈ സിറ്റി എഫ്‌സിയുടെ ലക്ഷ്യമെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു മുഖം രക്ഷിക്കാന്‍ വിജയത്തില്‍ കുറഞ്ഞ് ഒന്നുമില്ല! ഇന്നു മുംബൈയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിനു പ്ലേ ഓഫ് പോലെ ഭാരിച്ച പ്രതീക്ഷകളൊന്നുമില്ല. 22 കളികളില്‍ 33 പോയിന്റുമായി 7 ാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഒരു പോയിന്റ് മതി പ്ലേ ഓഫ് ഉറപ്പാക്കാന്‍.
6 ാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിക്കും 33 പോയിന്റുണ്ടെങ്കിലും അവര്‍ 24 മത്സരങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്നു രാത്രി 7.30 നു കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 ചാനലിലും ജിയോ ഹോട്സ്റ്റാര്‍ ആപ്പിലും തത്സമയം.
സീസണില്‍ ഇതുകൂടാതെ ബ്ലാസ്റ്റേഴ്‌സിന് ഒരു എവേ മത്സരം കൂടി ബാക്കിയുണ്ട്; ഹൈദരാബാദില്‍ 12നു ഹൈദരാബാദ് എഫ്‌സിക്കെതിരെ. പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ഹെസുസ് ഹിമനെയും ഗോളി സച്ചിന്‍ സുരേഷും ഇന്നും കളിക്കില്ല. വിങ്ങര്‍ നോവ സദൂയി കളിച്ചേക്കും. ശേഷിച്ച കളികള്‍ ജയിച്ചു സീസണ്‍ പോസിറ്റീവ് ആയി അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നു കോച്ച് ടി.ജി.പുരുഷോത്തമന്‍ പറഞ്ഞു. 22 കളിയില്‍ 25 പോയിന്റുള്ള ടീം 10ാം സ്ഥാനത്താണ്.