കൊച്ചി: നിരവധി താരങ്ങള്‍ ക്ലബ്ബ് വിടുന്നതിനിടെ നിര്‍ണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ഗസിനെ ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിച്ചു.വരാനിരിക്കുന്ന സീസണിന് മുന്നോടിയായുള്ള ഈ നീക്കം ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് ക്ലബ്ബ് അധികൃതരുടെ വിലയിരുത്തല്‍.
മുപ്പത്തിയൊന്നുകാരനായ ബോര്‍ഗസ് മധ്യനിരയില്‍ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള കഴിവുള്ള താരമാണ് റൗളിന്‍ ബോര്‍ഗസ്. ടീമിന്റെ മധ്യനിരയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ റൗളിന്റെ സാന്നിധ്യം ടീമിനെ സഹായിക്കും.
'ലീഗില്‍ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച പ്രൊഫഷണല്‍ താരമാണ് റൗളിന്‍. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃപാടവവും കളിയിലുള്ള വ്യക്തമായ ധാരണയും ഈ സീസണില്‍ ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്' എന്ന് റൗളിന്‍ ബോര്‍ഗസിനെക്കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് സി ഇ ഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.റൗളിന്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരുകയും പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി.