വാതുവെപ്പ് കേസ്: ഫുട്‌ബോള്‍ താരങ്ങളും റഫറിമാരും ഉള്‍പ്പെടെ 46 പേരെ അറസ്റ്റ് ചെയ്യാന്‍ തുര്‍ക്കി പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു
ഇസ്താംബൂള്‍: ടര്‍ക്കിഷ് ഫുട്‌ബോളില്‍ അരങ്ങേറിയ ബെറ്റിങ്, മാച്ച് ഫിക്സിങ് കേസുകളുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളും റഫറിമാരും ഉള്‍പ്പെടെ 46 പേരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂട്ടേഴ്‌സ് ഉത്തരവിട്ടു. 29 ഫുട്‌ബോള്‍ താരങ്ങളും വിവിധ ക്ലബ്ബുകളുടെ പ്രസിഡന്റുമാരും റഫറിമാരും കമ്മന്റേഴ്‌സും അറസ്റ്റ് വരിക്കും. 27 താരങ്ങള്‍ നേരിട്ട് ബെറ്റിങില്‍ ഉള്‍പ്പെട്ടവരാണ്. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി ആയിരത്തിലധികം കളിക്കാരെ തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സീസണില്‍ ഗലാറ്റസറേയ്ക്ക് വേണ്ടി ചാംപ്യന്‍സ് ലീഗ് സ്ഥിരമായി കളിക്കുന്ന ദേശീയ ടീം പ്രതിരോധ താരം എറന്‍ എല്‍മാലിയും അറസ്റ്റ് വരിക്കും.
തുര്‍ക്കി ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ എല്‍മാലിയും ഗലാറ്റസരെയിലെ സഹതാരം മെറ്റെഹാന്‍ ബാള്‍ട്ടാസിയും അച്ചടക്ക കമ്മീഷന് റഫര്‍ ചെയ്ത 1,024 കളിക്കാരില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്നാം നിര, നാലാം നിര ഡിവിഷനുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഫെഡറേഷന്‍ അറിയിച്ചു.
നേരത്തെ 17 റഫറിമാരേയും ഒരു സൂപ്പര്‍ ലിഗ് ക്ലബ് പ്രസിഡന്റും ഉള്‍പ്പെടെ 21 പേരെ അറസ്റ്റ് ചെയ്യാന്‍ തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പിന്നാലെ കളിക്കാരും വ്യാപകമായി വാതുവെപ്പ് നടത്തുന്നതായി ആരോപിക്കപ്പെട്ടത് തുര്‍ക്കി ഫുട്ബോളിനെ പിടിച്ചുകുലുക്കി.150-ലധികം റഫറിമാര്‍ ഗെയിമുകളില്‍ വാതുവെപ്പ് നടത്തിയതായാണ് ആരോപണം. അതില്‍ ഏഴ് പേര്‍ ഉയര്‍ന്ന ലെവല്‍ ഗെയിമുകള്‍ കൈകാര്യം ചെയ്യാന്‍ അംഗീകാരം ലഭിച്ചവരും കൂടാതെ 15 ഉയര്‍ന്ന ലെവല്‍ സഹായികളും ഉള്‍പ്പെടുന്നുണ്ട്.
മുന്‍നിര ക്ലബ്ബായ എയൂപ്സ്പോറിന്റെ പ്രസിഡന്റിനെയും കാസിംപാസയുടെ മുന്‍ ഉടമയെയും കേസില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തിരുന്നു. തുര്‍ക്കിയിലെ 571 സജീവ റഫറിമാരില്‍ 371 പേര്‍ക്ക് വാതുവെപ്പ് അക്കൗണ്ടുകളുണ്ടെന്നും അവരില്‍ 152 പേര്‍ സജീവമായി ചൂതാട്ടം നടത്തുന്നവരാണെന്നും ഫെഡറേഷന്റെ അഞ്ച് വര്‍ഷത്തെ അന്വേഷണത്തില്‍ വ്യക്തമായി.
