മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ കിരീടം നിലനിര്‍ത്തി കരുത്തരായ ബയേണ്‍ മ്യൂണിക്ക്. സ്റ്റുട്ട്ഗാര്‍ടിനെതിരായ പോരാട്ടത്തില്‍ ഗംഭീര തിരിച്ചു വരവ് നടത്തി നേടിയ വിജയത്തോടെയാണ് ബാവേറിയന്‍സ് കിരീടം ഉറപ്പിച്ചത്. ലീഗില്‍ ഈ സീസണില്‍ നാല് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബയേണിന്റെ കിരീട നേട്ടം. സ്റ്റുട്ട്ഗാര്‍ടിനെതിരായ പോരാട്ടത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷം 4-2നു മല്‍സരം വിജയിച്ചാണ് ബയേണ്‍ കിരീടമുറപ്പിച്ചത്.
കഴിഞ്ഞ 15 സീസണുകളിലെ അവരുടെ 14ാം കിരീടമാണിത്. മൊത്തം 35ാം ബുണ്ടസ് ലീഗ കിരീട നേട്ടം. 30 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 25 വിജയങ്ങളും 4 സമനിലയും ഒരേയൊരു തോല്‍വിയുമായാണ് ബയേണ്‍ ചാംപ്യന്‍മാരായത്. സീസണില്‍ 109 ഗോളുകളാണ് പരിശീലകന്‍ വിന്‍സെന്റ് കോംപനിക്കു കീഴില്‍ ബയേണ്‍ നേടിയത്. വഴങ്ങിയത് വെറും 29 ഗോളുകള്‍ മാത്രം. നിലവില്‍ 79 പോയിന്റുകളുമായാണ് ബയേണിന്റെ കുതിപ്പ്.
ഇംഗ്ലണ്ട് ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളുമായ ഹാരി കെയ്നിന്റെ ഗോളടി മികവാണ് ബയേണിന്റെ മുന്നേറ്റത്തിന്റെ കാതല്‍. ബുണ്ടസ് ലീഗയില്‍ ഈ സീസണില്‍ താരം വലയിലാക്കിയത് 32 ഗോളുകള്‍. എല്ലാ മല്‍സരങ്ങളിലുമായി ബയേണിനായി താരം 50 ഗോളുകളും ഈ സീസണില്‍ നേടി. ഇംഗ്ലണ്ടിനായി ഈ സീസണില്‍ നേടിയ ഗോളുകള്‍ കൂടി കൂട്ടിയാല്‍ മൊത്തം 56 ഗോളുകളുമായി താരം മുന്നേറുന്നു.