ബെര്‍ലിന്‍: ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ ബാസ്റ്റൈന്‍ ഷ്വെയിന്സ്റ്റെയ്ഗര് വിരമിക്കാനൊരുങ്ങുന്നു. നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗില്‍ ചിക്കാഗോ ഫയറിനായി കളിക്കുന്ന താരം ഈ സീസണ് അവസാനത്തോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കും. 2014ല്‍ ജര്‍മനി ലോകകപ്പ് കിരീടം നേടുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്. 2002 മുതല്‍ 2015 വരെ ബയേണ്‍ മ്യുണിക്കിന് വേണ്ടി കളിച്ച താരം 2015 മുതല്‍ 2017 വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയും ബൂട്ടണിഞ്ഞു. തുടര്‍ന്ന് ഷ്വെയിന്സ്റ്റെയ്ഗര് അമേരിക്കയില്‍ കളിക്കുകയായിരുന്നു. ബയേണിനൊപ്പം എട്ട് ലീഗ് കിരീടം, ഏഴ് ജര്‍മന്‍ കപ്പ്, 2013ല്‍ ചാംപ്യന്‍സ് ലീഗ് എന്നിവയും താരം നേടിയിട്ടുണ്ട്. കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ആരാധകരോടും ബയേണ്‍ ക്ലബ്ബിനോടും തന്റെ നന്ദി അറിയിക്കുന്നുവെന്നും ഷ്വെയിന്സറ്റെയ്ഗര് വ്യക്തമാക്കി.