മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് യുവന്റസിനെതിരേ വന്‍ ജയം
ഗ്രീസ്മാന്‍ പെനാല്‍റ്റിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മെസ്സിയ്ക്കായുള്ള മുറവിളി വീണ്ടും വന്നിരുന്നു.
ക്യാംപ് നൗ: സൂപ്പര്‍ താരം മെസ്സിയിലാതെ പുതിയ സീസണിലെ സൗഹൃദമല്‍സരത്തില്‍ ഇറങ്ങിയ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. യുവന്റസിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് കറ്റാലന്‍സ് നേടിയത്. പുതിയ സൈനിങായ മെംഫിസ് ഡെപ്പേ(3), മാര്‍ട്ടിന്‍ ബ്രൈത്ത്‌വൈറ്റ് (57), റിക്വി പിഗ്(90) എന്നിവരാണ് ബാഴ്‌സലോണയ്ക്കായി സ്‌കോര്‍ ചെയതത്.
മെസ്സിയില്ലാത്ത ബാഴ്‌സയുടെ യുഗത്തിന് തകര്‍പ്പന്‍ തുടക്കമാണ് താരങ്ങള്‍ നല്‍കിയത്. ആക്രമണ ഫുട്‌ബോളാണ് ടീം കാഴ്ച വച്ചത്. എല്ലാ താരങ്ങളും മികച്ച ഫോമിലായിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആല്‍വാരോ മൊറാട്ട, ബെര്‍ണാഡ്ഷി എന്നിവരടങ്ങിയ യുവന്റസ് നിര മോശം പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പകുതിക്ക് ശേഷമാണ് അവര്‍ ചെറിയ നീക്കങ്ങള്‍ നടത്തിയത്. രണ്ടാം പകുതിയില്‍ ഫെഡ്രിക്കോ ചീസയിലൂടെ യുവന്റസ് തിരിച്ചടിക്കാന്‍ തുടങ്ങി. എങ്കിലും ഗോള്‍ മാത്രം അന്യം നിന്നു. കാണികള്‍ക്ക് പ്രവേശനം ഉണ്ടായ മല്‍സരത്തില്‍ പ്രിയ താരം ലയണല്‍ മെസ്സിക്കായി ആര്‍പ്പുവിളി ഉണ്ടായിരുന്നു. ഗ്രീസ്മാന്‍ പെനാല്‍റ്റിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മെസ്സിയ്ക്കായുള്ള മുറവിളി വീണ്ടും വന്നിരുന്നു. ഗ്രീസ്മാന്‍ പെനാല്‍റ്റി പാഴാക്കിയിരുന്നു.