ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇറങ്ങും; റയലിനെ വീഴ്ത്തി ലിവര്‍പൂള്‍
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ ക്ലബ്ബ് ബ്രൂഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെയും നേരിടും. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ ലിവര്‍പൂള്‍ വീഴ്ത്തി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റെഡ്സ് ജയം സ്വന്തമാക്കിയത്. ഈ സീസണില്‍ മാഡ്രിഡിന്റെ ആദ്യ തോല്‍വിയാണിത്. സമീപകാല പോരാട്ടങ്ങള്‍ക്കിടയില്‍, അലക്സിസ് മാക് അലിസ്റ്ററിന്റെ ഹെഡര്‍ ഗോള്‍ നിര്‍ണായകമായതോടെയാണ് ടൂര്‍ണമെന്റിലെ വിജയവഴിയില്‍ ലിവര്‍പൂളെത്തിയത്. പ്രീമിയര്‍ ലീഗിലെ നാല് മത്സരങ്ങളുടെ തോല്‍വിക്ക് ലിവര്‍പൂള്‍ അടുത്തിടെ വിരാമമിട്ടിരുന്നു. മത്സരത്തിലുടനീളം ചെമ്പടയായിരുന്നു ആധിപത്യം സ്ഥാപിച്ചത്.
ലിവര്‍പൂളിന്റെ പ്രതിരോധം കിലിയന്‍ എംബാപ്പെയെയും ജൂഡ് ബെല്ലിംഗ്ഹാമിനെയും നിശബ്ദരാക്കി. അതേസമയം 50 ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബെല്ലിംഗ്ഹാം ഇന്നത്തെ കളിയിലൂടെ നാഴികക്കല്ല് പിന്നിട്ടു. റെഡ്സിന്റെ ശ്രമങ്ങള്‍ക്കിടയിലും, മത്സരത്തിലുടനീളം കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാഡ്രിഡ് പാടുപെട്ടിരുന്നു.
61ാം മിനിറ്റിലായിരുന്നു ഡൊമിനിക് സോബോസ്ലായുടെ കൃത്യമായ ഫ്രീ-കിക്കില്‍ നിന്നുള്ള ഒരു ഹെഡ്ഡറിലൂടെ അലക്സിസ് മാക് അലിസ്റ്റര്‍ ഗോള്‍ നേടിയത്. മാനേജര്‍ എന്ന നിലയില്‍ 14 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 11 വിജയങ്ങള്‍ നേടിയ ലിവര്‍പൂള്‍ സ്ലോട്ടിന് കീഴില്‍ യൂറോപ്പില്‍ അവരുടെ വിജയക്കുതിപ്പ് തുടരുമ്പോള്‍ ഈ ഗോള്‍ നിര്‍ണായകമായി.
ചാംപ്യന്‍സ് ലീഗിലെ മറ്റു മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് പിഎസ്ജിയെ 2-1 ന് തകര്‍ത്തു. 4,32 മിനിറ്റുകളിലെ ലൂയിസ് ഡയസിന്റെ ഇരട്ടഗോളിലാണ് ബയേണിന്റെ ജയം. 74-ാം മിനിറ്റില്‍ ജോ നവസിലൂടെ പിഎസ്ജി ഒരു ഗോള്‍ തിരിച്ചടിച്ചു. യൂണിയന്‍ സെന്റ്-ഗില്ലോയിസിനെതിരെ അത്ലറ്റിക്കോ മാഡ്രിഡ് 3-1 ന് വിജയം നേടി, ഫോമിലേക്ക് തിരിച്ചെത്തി. ജൂലിയന്‍ അല്‍വാരസ്, കോണര്‍ ഗല്ലഗെര്‍, മാര്‍ക്കോസ് ലോറന്റേ എന്നിവരായിരുന്നു അത്ലറ്റിക്കോയ്ക്കായി ഗോള്‍ നേടിയത്. സ്‌പോര്‍ട്ടിംഗ് സിപിയും യുവന്റസും തമ്മിലുള്ള മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
മാക്സി അറൗജോ സ്‌പോര്‍ട്ടിംഗിനായി ഗോള്‍ നേടിയപ്പോള്‍, യുവന്റസിനായി, ഖെഫ്രെന്‍ തുറാമിന്റെ അസിസ്റ്റില്‍ നിന്ന് വ്‌ലഹോവിച്ചിന്റെ ശ്രമത്തിലൂടെ സമനില സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗ് പോയിന്റ് പട്ടികയില്‍ യുവന്റസ് 23-ാം സ്ഥാനത്താണ് നില്‍ക്കുന്നത്. അതേസമയം, ഏഴ് പോയിന്റുമായി സ്‌പോര്‍ട്ടിംഗ് സിപി പത്താമതാണ്. എതിരില്ലാത്ത മൂന്ന് ഗോളിന് പ്രഹയ്ക്കെതിരെയായിരുന്നു ആര്‍സനലിന്റെ ജയം. മിക്കേല്‍ മെറീന(46,68) ഇരട്ടഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ബുക്കായ സാകയാണ് ടീമിന്റെ മറ്റൊരു ഗോള്‍ നേടിയത്.

