ഇന്ത്യന്‍ ടീം കോച്ചാകാന്‍ ബാഴ്‌സ ഇതിഹാസം സാവി ഹെര്‍ണാണ്ടസും; അപേക്ഷ തള്ളി ഫെഡറേഷന്‍

Update: 2025-07-25 10:11 GMT

ന്യൂഡല്‍ഹി: ബാഴ്സലോണ ഇതിഹാസവും സ്പാനിഷ് മധ്യനിരയിലെ എന്‍ജിനുമായിരുന്ന സാവി ഹെര്‍ണാണ്ടസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി റിപോര്‍ട്ട്.

എഐഎഫ്എഫ് ടെക്നിക്കല്‍ കമ്മിറ്റി സാവിയുടെ പേര് കണ്ട് ഞെട്ടിയെന്നാണ് റിപോര്‍ട്ട്. കോച്ച് മനോലോ മാര്‍ക്വേസ് രാജിവച്ച ഒഴിവിലേക്കാണ് ഇന്ത്യ പരിശീലകനെ തേടുന്നത്.പ്രതിഭാധനനായ താരവും പരിശീലകനായി പെരുമയിലേക്ക് ഉയരുന്ന ഒരാളുമായ സാവിയെ പോലെ ഒരാള്‍ ടീമിന്റെ കോച്ചാകുന്നത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ മുന്‍ ബാഴ്സ നായകനു നല്‍കേണ്ട പ്രതിഫലമാണ് എഐഎഫ്എഫിനെ വിഷയത്തില്‍ പിന്നോട്ടടിക്കുന്നത്. സാവിയുടെ അപേക്ഷ തള്ളിയതായാണ് റിപോര്‍ട്ട്.

പരിശീലക കരിയര്‍ ഖത്തറിലെ അല്‍ സാദിലൂടെയാണ് സാവി ആരംഭിച്ചത്. 100 മല്‍സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ചു. 7 കിരീടങ്ങളും സമ്മാനിച്ചു. പിന്നീട് ബാഴ്സലോണയുടെ പരിശീലകനായി. ബാഴ്സയുടെ മോശം സമയത്താണ് സാവി സ്ഥാനമേറ്റത്. പഴയ പ്രതാപത്തിലേക്ക് ഷാവിക്ക് ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ കിരീട നേട്ടമുണ്ട്. ഭാവിയിലേക്കുള്ള അടിത്തറയും അദ്ദേഹം ടീമിലുണ്ടാക്കിയിരുന്നു. നിലവില്‍ ഖാലിദ് ജാമില്‍, സ്റ്റീഫന്‍ കോണ്‍സ്റ്റാന്റ്‌റിനെ, സ്റ്റീഫന്‍ ടര്‍ക്കോവിച്ച് എന്നിവരെയാണ് ഇന്ത്യ കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.



Tags: