2025-ലെ ബാലണ്‍ഡിയോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവിട്ട് 'ഫ്രാന്‍സ് ഫുട്‌ബോള്‍' മാഗസിന്‍. പുരസ്‌കാരം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ലമിന്‍ യമാല്‍, റഫീഞ്ഞ്യ എന്നിവരെല്ലാം പട്ടികയിലുണ്ട്. റയലിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ എന്നീ പ്രമുഖരും പട്ടികയിലുണ്ട്.
എട്ടുതവണ ഈ പുരസ്‌കാരം നേടിയ ലയണല്‍ മെസ്സിയും അഞ്ചുവട്ടം ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇക്കുറിയും പട്ടികയിലില്ല. കഴിഞ്ഞ സീസണില്‍ ക്ലബ്ബ് തലത്തില്‍ പുറത്തെടുത്ത പ്രകടനങ്ങളാണ് ഡെംബലെയ്ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നത്. പിഎസ്ജിക്കൊപ്പം കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗ് വിജയവും ഫ്രഞ്ച് ലീഗ് നേട്ടവും ഉള്‍പ്പെടെയുള്ള നാല് കിരീട നേട്ടങ്ങളും ഫിഫ ക്ലബ്ബ് ലോകകപ്പിലെ റണ്ണറപ്പായതും ഡെംബലെയ്ക്ക് നേട്ടമാണ്. കഴിഞ്ഞ സീസണില്‍ 35 ഗോളുകളും 16 അസിസ്റ്റും ഡെംബലെയുടെ അക്കൗണ്ടിലുണ്ട്.
ബാഴ്സലോണയുടെ ബ്രസീല്‍ വിങ്ങര്‍ റഫീഞ്ഞ്യ, കഴിഞ്ഞ സീസണില്‍ ക്ലബ്ബിന്റെ മികച്ച പ്രകടനത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ്. ലീഗ് നേട്ടം ഉള്‍പ്പെടെ മൂന്ന് കിരീടങ്ങളാണ് ബാഴ്സ കഴിഞ്ഞ സീസണില്‍ നേടിയത്. ചാംപ്യന്‍സ് ലീഗിന്റെ സെമിയിലുമെത്തി. 34 ഗോളുകളും 25 അസിസ്റ്റും കഴിഞ്ഞ സീസണില്‍ റഫീഞ്ഞ്യയുടെ അക്കൗണ്ടിലുണ്ട്.
17 വയസുകാരന്‍ ലമിന്‍ യമാലിന്റെ പ്രകടനവും കഴിഞ്ഞ സീസണില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. റഫീഞ്ഞ്യയ്ക്കൊപ്പം കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയുടെ മികച്ച പ്രകടനത്തില്‍ യമാലിനും പ്രധാന പങ്കുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
