ബാലണ്‍ ഡിയോര്‍; ടീം ചെല്‍സി, ഗോളി ഡൊണ്ണരുമ, യുവതാരം പെഡ്രി
മികച്ച വനിതാ താരമായി സ്പെയിനിന്റെ ബാഴ്സാ താരം അലെക്സിയാ പ്യുട്ടേലാസിനെ തിരഞ്ഞെടുത്തു.
പാരിസ്: യുവേഫാ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി ബാലണ്‍ ഡിയോറിലെ മികച്ച ടീം. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗ് നേടിയ ചെല്‍സി ആ സീസണില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ബാലണ്‍ ഡിയോറിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം ഇറ്റലിയുടെ പിഎസ്ജി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ നേടി.കഴിഞ്ഞ സീസണില്‍ ഇറ്റലിയെ യൂറോ കപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചത് ഡൊണ്ണരുമ്മയുടെ പ്രകടനമായിരുന്നു. കഴിഞ്ഞ തവണ താരം എസി മിലാനൊപ്പമായിരുന്നു.
മികച്ച മുന്നേറ്റ താരമായി ലെവന്‍ഡോസ്കിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണില്‍ 54 മല്‍സരത്തില്‍ നിന്നും 64 ഗോളുകളാണ് പോളണ്ട് താരം അടിച്ച് കൂട്ടിയത്.മികച്ച യുവതാരമായി ബാഴ്സയുടെ സ്പെയിന് താരം പെഡ്രി അര്‍ഹനായി. 19കാരനായ പെഡ്രി കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബ്ബിനുമായി 73 മല്‍സരങ്ങള്‍ കളിച്ചിരുന്നു. മികച്ച വനിതാ താരമായി സ്പെയിനിന്റെ ബാഴ്സാ താരം അലെക്സിയാ പ്യുട്ടേലാസിനെ തിരഞ്ഞെടുത്തു.ബാഴ്സയ്ക്കായി ഇത്തവണ ചാംപ്യന്‍സ് ലീഗും സ്പാനിഷ് ലീഗും അലെക്സിയ സ്വന്തമാക്കിയിരുന്നു.