ചെല്‍സിയെ തകര്‍ത്ത് എഫ് എ കപ്പ് ആഴ്സണലിന്

Update: 2020-08-01 19:17 GMT

വെംബ്ലി: പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ആഴ്സണലിന് സീസണില്‍ ഒരു കിരീടം സ്വന്തം. എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സിയെ 2-1ന് തോല്‍പ്പിച്ചാണ് ആഴ്സണല്‍ തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തിയത്. 15ാം എഫ്എ കപ്പാണ് ആഴ്സണല്‍ ഇന്ന് ഉയര്‍ത്തിയത്.

എഫ് എ കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് ആഴ്സണലാണ്. വെംബ്ലി സ്റ്റേഡിയത്തിലെ ഫൈനലുകള്‍ ആഴ്സണലിനെ ചതിക്കാറില്ല എന്ന വാചകം സത്യമാക്കുന്ന പ്രകടനമാണ് ഗണ്ണേഴ്സ് ഇന്ന് നടത്തിയത്. കോച്ച് അര്‍ട്ടേറ്റയുടെ കരിയറിലെ ആദ്യ കിരീട നേട്ടം കൂടിയാണിത്. കരുത്തരായ ലംമ്പാര്‍ഡിന്റെ കുട്ടികള്‍ക്കെതിരേ മിന്നും പ്രകടനമാണ് അര്‍ട്ടേറ്റയുടെ ശിഷ്യന്‍മാര്‍ പുറത്തെടുത്തത്. ഒബമായെങിന്റെ ഒറ്റയാള്‍ പ്രകടമാണ് ആഴ്സണലിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചത്. അഞ്ചാം മിനിറ്റില്‍ യുവതാരം പുലിസിക്കിലൂടെ ചെല്‍സിയാണ് ലീഡെടുത്തത്. എന്നാല്‍ 28ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടി ഒബമായെങ് സമനില പിടിച്ചു. തുടര്‍ന്ന് കളിയുടെ നിയന്ത്രണം ആഴ്സണലിന്റേതായി. പിന്നീട് 67ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി നേടി ഒബമായെങ് ആഴ്സണലിനെ കിരീടത്തിലേക്ക് നയിച്ചു. കിരീട നേട്ടത്തോടെ ആഴ്സണലിന് അടുത്ത വര്‍ഷത്തെ യൂറോപ്പാ ലീഗിന് യോഗ്യത ലഭിച്ചു.


Tags:    

Similar News