ഡേവിഡ് കറ്റാലയ്ക്ക് പകരം ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനാകും
പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
കൊച്ചി: ഇന്ത്യന്‍ സൂപര്‍ ലീഗിലെ 12ാം സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ പരിശീലകന്‍ ഡേവിഡ് കറ്റാലയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയിരുന്നു. പകരക്കാരനായി മുന്‍ ബെംഗളൂരു പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിനെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി ഇന്ന് പ്രഖ്യാപിച്ചേക്കും. മാനേജ്‌മെന്റും വെസ്റ്റ് വുഡും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. പഞ്ചാബ് എഫ്‌സി, എടികെ ടീമുകളേയും നേരത്തെ വെസ്റ്റ്‌വുഡ് പരിശീലിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്‍, ഹോങ്കോങ് ദേശീയ ടീമുകളുടേയും പരിശീലകനായിട്ടുണ്ട്.
സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കറ്റാലയെ പുറത്താക്കിയത്. ഐഎസ്എല്ലില്‍ ആറ് കളികളില്‍ നിന്ന് ഒരു സമനില മാത്രമാണ് കറ്റാലയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സിന് നേടാനായത്. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു അടിതെറ്റി. ഇതോടെ ആരാധകരും ടീമിനെ ഏതാണ്ട് കൈവിട്ട അവസ്ഥയാണ്. 13ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് തരംതാഴ്ത്തല്‍ ഭീഷണി അടക്കം നിലനില്‍ക്കുന്നുണ്ട്. ഇത്തവണ ഐഎസ്എല്ലില്‍ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിലേക്ക് തരം താഴ്ത്തും. ഇതിനിടെയാണ് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന റിപോര്‍ട്ട്. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഡേവിഡ് കറ്റാല ഒപ്പുവച്ചിരുന്നത്.