അര്‍ജ്ജുന്‍ ജയരാജ് പുതിയ ക്ലബ്ബിലേക്ക്; കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കും
2019 സീസണിന്റെ അവസാനമാണ് അര്‍ജ്ജുന്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരുന്നത്.
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരമായ അര്‍ജ്ജുന്‍ ജയരാജ് കേരളാ യുനൈറ്റഡ് എഫ് സിയിലേക്ക്. കേരളാ പ്രീമിയര്‍ ലീഗ് ക്ലബ്ബായ യുനൈറ്റഡുമായുള്ള മലയാളി താരത്തിന്റെ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അര്‍ജ്ജുനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. താരവുമായി ക്ലബ്ബ് ചര്‍ച്ച നടത്തി. അര്‍ജ്ജുന് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ഖേല്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 സീസണിന്റെ അവസാനമാണ് അര്‍ജ്ജുന്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴസില്‍ ചേര്‍ന്ന ഉടനെ താരത്തിനെ പരിക്ക് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു. പരിക്ക് ഭേദമായിട്ടും തന്നെ ടീമില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് അര്‍ജ്ജുന്‍ കഴിഞ്ഞ മാസം ബ്ലാസ്റ്റേഴ്‌സ് വിട്ടത്. 2017ല്‍ ഐ ലീഗ് ക്ലബ്ബായ ഗോകുലത്തിന് വേണ്ടി കളിച്ചാണ് താരം പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് പ്രവേശിച്ചത്.ഗോകുലത്തിലെ മിന്നും ഫോമിനെ തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ 21 ലക്ഷം രൂപയ്ക്ക് വാങ്ങിയത്.
ഇംഗ്ലിഷ് ക്ലബ്ബ് ഷെഫീല്‍ഡ് യുനൈറ്റഡിന്റെ ഉടമകളായ യുനൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ്ബാണ് കേരളാ യുനൈറ്റഡ്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഋഷിദത്ത്, സ്‌ട്രൈക്കര്‍ മൗസിഫ് എന്നിവരടക്കം 24 പേരാണ് യുനൈറ്റഡിലുള്ളത്.