അര്‍ജന്റീനിയന്‍ വിങ്ങര്‍ ഫ്രാന്‍സിസ്‌കോ ഫ്യൂലാസിയര്‍ അബാലോ ബ്ലാസ്‌റ്റേഴ്‌സില്‍
കൊച്ചി: അര്‍ജന്റീനിയന്‍ വിങ്ങര്‍ ഫ്രാന്‍സിസ്‌കോ ഫ്യൂലാസിയര്‍ അബാലോയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 'ഫ്രാഞ്ചു' എന്നറിയപ്പെടുന്ന ഇരുപത്തിയേഴുകാരന്‍ വിവിധ യൂറോപ്യന്‍ ലീഗുകളില്‍ കളിച്ച മികച്ച പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. സ്‌പെയിനിലെ കരുത്തരായ റയല്‍ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫ്രാഞ്ചു വളര്‍ന്നുവന്നത്. റയല്‍ മാഡ്രിഡ് കാസ്റ്റിയക്ക് വേണ്ടി കളിച്ച അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷന്‍ ബിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തുടര്‍ന്ന് റായോ വല്ലക്കാനോ, എഫ്.സി ഫുവന്‍ലാബ്രഡ, എസ്.ഡി ഐബര്‍, എഫ്.സി കാര്‍ട്ടജീന എന്നീ ക്ലബ്ബുകള്‍ക്കായി സ്പാനിഷ് ലീഗിലെ വിവിധ ഡിവിഷനുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
സൈപ്രസിലെ കാര്‍മിയോട്ടിസ്സ എഫ് സിയിലായിരുന്നു താരം അവസാനമായി കളിച്ചത്. വിങ്ങര്‍ പൊസിഷനില്‍ കളിക്കുന്ന ഫ്രാഞ്ചുവിന് രണ്ട് വിങ്ങുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുണ്ട്. പന്തിനുമേലുള്ള മികച്ച നിയന്ത്രണവും വേഗത്തിലുള്ള മുന്നേറ്റങ്ങളും ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തല്‍.