കോപ്പയില്‍ നാളെ അര്‍ജന്റീയ്ക്ക് ബലപരീക്ഷണം

Update: 2019-06-28 04:49 GMT

റിയോ ജി ജനീറോ: കോപ്പാ അമേരിക്കയില്‍ നാളെ അര്‍ജന്റീനയ്ക്ക് ബലപരീക്ഷണം. ക്വാര്‍ട്ടറില്‍ വെനിസ്വലയാണ് അര്‍ജന്റീനയുടെ എതിരാളി. ഗ്രൂപ്പ് സ്റ്റേജില്‍ തപ്പിതടഞ്ഞ വന്ന അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ പുറത്തെടുക്കേണ്ടത് ഉഗ്രന്‍ പോരാട്ടമാണ്. ആദ്യമല്‍സരത്തില്‍ കൊളംബിയയോട് തോറ്റ അര്‍ജന്റീന രണ്ടാം മല്‍സരത്തില്‍ പരാഗ്വെയോട് സമനില വഴങ്ങിയിരുന്നു. തുടര്‍ന്ന് ഖത്തറിനോട് മാത്രമാണ് ടീം ജയിച്ചത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീന നോക്കൗട്ടില്‍ കയറിയത്. കോപ്പാ അമേരിക്കയില്‍ വെനിസ്വലയ്‌ക്കെതിരേ ടീമിന് മികച്ച റെക്കോഡ് ഉണ്ട്. ഇരു ടീമും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ കോപ്പയ്ക്ക് പുറത്ത് അവസാനമായി മൂന്ന് തവണ വെനിസ്വല അര്‍ജന്റീനയോട് ഏറ്റുമുട്ടിയപ്പോള്‍ പരാജയമറിഞ്ഞിട്ടില്ല. മെസ്സിക്ക് പ്രതിരോധം തീര്‍ക്കാന്‍ വെനിസ്വലന്‍ താരങ്ങളായ ജോണ്‍മുറിയോയും സലോമണ്‍ റണ്ടോനും കഴിയും. മെസ്സിയെ മാത്രം ആശ്രയിക്കുന്ന ടീമിന്റെ സ്ഥിരം നടപടിയില്‍ മാറ്റം വരാത്തതും ആരാധകരെ വിഷമത്തിലാക്കുന്നുണ്ട്. മുന്നേറ്റ നിരയില്‍ പന്തെത്തിക്കാന്‍ കഴിയുന്ന താരങ്ങള്‍ വരെ ടീമിലില്ല. സെര്‍ജിയോ അഗ്വേറയും ഫോമിലേക്കുകയര്‍ന്നിട്ടില്ല. പ്രതിരോധ നിരയും പരാജയമാണ്. മുന്‍നിര താരം ലാവുതാരെ മാര്‍ട്ടിന്‍സിന് പകരം ഡിബാലയെ നാളെ ഇറക്കിയേക്കും. വെനിസ്വലയ്‌ക്കെതിരായ മല്‍സരം നാളെ അർധരാത്രി 12.30നാണ്. ക്വാര്‍ട്ടറില്‍ രക്ഷപ്പെട്ടാലും സെമിയില്‍ നേരിടാന്‍ അര്‍ജന്റീനയെ കാത്തുനില്‍ക്കുന്നത് ബ്രസീല്‍ എന്ന വന്‍മരമാണ്.


Similar News