ലോകകപ്പ് യോഗ്യത; അവസാന നാട്ടങ്കത്തില്‍ ഇരട്ടഗോളുമായി മെസി

വെനിസ്വേലയെ മൂന്നു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന

Update: 2025-09-05 05:57 GMT

ബ്യൂണസ് ഐറിസ്: അര്‍ജന്റീനക്കായി സ്വന്തം മണ്ണിലെ തന്റെ അവസാന മല്‍സരത്തില്‍ ഇരട്ടഗോളുമായി ലയണല്‍ മെസി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് അര്‍ജന്റീനക്ക് ജയം.

38 കാരന്‍ മെസി സ്വന്തം മണ്ണില്‍ അവസാന മല്‍സരത്തിനിറങ്ങിയപ്പോള്‍ 80,000 ത്തിലധികം ആരാധകരാണ് അദ്ദേഹത്തെ വരവേറ്റത്. അവര്‍ക്കു മുന്നില്‍ രണ്ടു തകര്‍പ്പന്‍ ഗോളുകളുമായാണ് ലയണല്‍ മെസി കളം നിറഞ്ഞത്. 39, 80 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഒരു ഗോള്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയ്ക്കായി നേടിയത്.

39ാം മിനിറ്റില്‍ ഹൂലിയന്‍ ആല്‍വാരസ് നീട്ടി നല്‍കിയ പന്തിനെ ലയണല്‍ മെസി തന്റെ ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. 76ാം മിനിറ്റില്‍ നിക്കോ ഗോണ്‍സാലസിന്റെ മികച്ചൊരു ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് ലൗട്ടാരോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ ഗോള്‍ ഇരട്ടിയാക്കി. 80ാം മിനിറ്റില്‍ അല്‍മാഡയുടെ പാസില്‍നിന്ന് മെസി വീണ്ടും ലക്ഷ്യം കണ്ടതോടെ മൂന്നു ഗോളിന് അജന്റീന വിജയം സ്വന്തമാക്കി.


ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ 12 വിജയവും 2 സമനിലകളും 3 തോല്‍വികളുമായി 38 പോയിന്റോടെ അര്‍ജന്റീന ഇതിനകം തന്നെ 2026 ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും, മെസിക്ക് നാട്ടില്‍ കളിക്കാന്‍ അവസരം ലഭിക്കാനിടയില്ല. വെനസ്വേലയ്ക്കെതിരായ മല്‍സരം ഏറെ പ്രധാനപ്പെട്ടതാണെന്ന് മെസിയും പരിശീലകന്‍ ലയണല്‍ സ്‌കലോണിയും പ്രഖ്യാപിരുന്നു. യോഗ്യതാ റൗണ്ടില്‍ അടുത്ത മല്‍സരം ഇക്വഡോറിലാണ്. അതിനുശേഷം അര്‍ജന്റീനയുടെ സൗഹൃദമല്‍സരങ്ങള്‍ വിദേശത്താണ് നടക്കുന്നത്. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പോടെ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

Tags: