റൊണാള്‍ഡോയുടെ അഭാവത്തില്‍ ഇറങ്ങിയ അല്‍ നസറിന് ഭീമന്‍ ജയം; താരത്തിനെതിരേ ആരാധകര്‍
റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് അല്‍ നസര്‍ ഇന്നലെ അല്‍ അഖ്ദൗദിനെതിരെ ഇറങ്ങിയത്. സൗദി പ്രോ ലീഗില്‍ എതിരില്ലാത്ത ഒന്‍പത് ഗോളിന് അല്‍ നസര്‍ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തി. ഇതോടെ റൊണാള്‍ഡോ ഇനി ടീമില്‍ വേണ്ട എന്നാണ് അല്‍ നസര്‍ ആരാധകര്‍ പറയുന്നത്. 2023ല്‍ ആണ് റൊണാള്‍ഡോ അല്‍ നസറിനൊപ്പം ചേരുന്നത്. 91 മത്സരങ്ങളില്‍ നിന്ന് നേടിയത് 103 ഗോളുകള്‍. ഈ സീസണില്‍ 28 കളിയില്‍ നിന്ന് 23 ഗോളും. എന്നാല്‍ റൊണാള്‍ഡോ വന്നതിന് ശേഷം ഒരു കിരീടത്തില്‍ മുത്തമിടാന്‍ അല്‍ നസറിന് സാധിച്ചിട്ടില്ല. ഇത് കുറച്ചൊന്നുമല്ല അല്‍ നസര്‍ ആരാധകരെ പ്രകോപിപ്പിക്കുന്നത്. ഈ സീസണില്‍ ഇനി മൂന്ന് മത്സരം മാത്രം ശേഷിക്കെ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് അല്‍ നസര്‍.
അല്‍ നസറിനൊപ്പമുള്ള കരാര്‍ പുതുക്കല്‍ ചര്‍ച്ചകളില്‍ നിന്ന് റൊണാള്‍ഡോ പിന്മാറിയതായാണ് സ്പാനിഷ് മാധ്യമങ്ങളായ മാര്‍ക റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുന്ന ഓഫറാണ് ക്ലബ് റൊണാള്‍ഡോയ്ക്ക്് മുന്‍പില്‍ വച്ചതെന്നാണ് സൂചനകള്‍. എന്നാല്‍ അല്‍ നസറിന് കിരീടത്തിലേക്ക് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ക്ലബ്ബില്‍ തുടരുന്ന കാര്യം റൊണാള്‍ഡോ പുനരാലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അല്‍ അഖ്ദൗദിനെതിരായ കളിയില്‍ റൊണാള്‍ഡോയുടെ അസാന്നിധ്യം ഒരു തരത്തിലും ടീമിനെ ബാധിച്ചില്ല. നാല് വട്ടമാണ് മുന്‍ ലിവര്‍പൂള്‍ താരം സാദിയോ മാനെ അല്‍ നസറിനായി വല കുലുക്കിയത്. റൊണാള്‍ഡോ ഇല്ലെങ്കില്‍ പോര്‍ച്ചുഗലിനും അല്‍ നസറിനും മികവ് കാണിക്കാന്‍ സാധിക്കും എന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ വാക്കുകള്‍.
അല്‍ നസര്‍ വിട്ട് റൊണാള്‍ഡോ മറ്റൊരു സൗദി ലീഗ് ക്ലബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. നിലവില്‍ സീസണില്‍ രണ്ടാം സ്ഥാനത്താണ് അല്‍ ഹിലാല്‍. അല്‍ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. റൊണാള്‍ഡോ വന്നതിന് ശേഷം ഒരു കിരീടത്തില്‍ മുത്തമിടാന്‍ അല്‍ നസറിന് സാധിച്ചിട്ടില്ല. ഇത് കുറച്ചൊന്നുമല്ല അല്‍ നസര്‍ ആരാധകരെ പ്രകോപിപ്പിക്കുന്നത്.
