സൗദി സൂപ്പര്‍ കപ്പില്‍ അല്‍ നസര്‍ ഫൈനലില്‍; വീഴ്ത്തിയത് അല്‍ ഇത്തിഹാദിനെ, സാദിയോ മാനെയ്ക്കും ജാവോ ഫ്‌ളിക്‌സിനും ഗോള്‍

Update: 2025-08-19 14:34 GMT

ഹോങ്കോങ് സ്‌റ്റേഡിയം: സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ച് അല്‍ നസര്‍. ഫൈനലില്‍ അല്‍ ഇത്തിഹാദിനെ 2-1ന് വീഴ്ത്തിയാണ് അല്‍ നസറിന്റെ നേട്ടം. 10ാം മിനിറ്റില്‍ സാദിയോ മാനെയാണ് അല്‍ നസറിന്റെ ആദ്യ ഗോള്‍ നേടി ലീഡെടുത്തത്. എന്നാല്‍ 16ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗവിനിലൂടെ ഇത്തിഹാദ് സമനില പിടിച്ചു. എന്നാല്‍ പുതിയ സൈനിങ് പോര്‍ച്ചുഗലിന്റെ ജാവോ ഫ്‌ളിക് രണ്ടാം പകുതിയില്‍ (61ാം മിനിറ്റില്‍) അല്‍ നസറിന്റെ വിജയഗോള്‍ നേടുകയായിരുന്നു.


 ഇതിനിടെ ആദ്യ ഗോള്‍ നേടിയ സെനഗലിന്റെ സാദിയോ മാനെയ്ക്ക് 25ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്താവേണ്ടി വന്നിരുന്നു. പന്തടക്കത്തിലും പാസ്സിങുകളിലും അല്‍ ഇത്തിഹാദ് തന്നെയാണ് മുന്നിട്ട് നിന്നത്. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ അല്‍ നസര്‍ ഭംഗിയായി വിനിയോഗിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫ്‌ളിക്‌സിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കിയത്.

ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനല്‍ നാളെ നടക്കും. അല്‍ ഖാദ്‌സിയയും അല്‍ അഹ്ലിയുമാണ് ഈ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. ഈ രണ്ട് സെമി ഫൈനലിലെയും വിജയികള്‍ ഓഗസ്റ്റ് 23ന് നടുക്കുന്ന കലാശപ്പോരില്‍ മാറ്റുരക്കും.





Tags: