അല്‍ നസറിന് സൗദി ലീഗില്‍ അല്‍ അഹ് ലിയോട് പരാജയം; റൊണാള്‍ഡോയ്‌ക്കെതിരേ ആരാധകര്‍

Update: 2026-01-03 08:20 GMT

റിയാദ്: സൗദി ലീഗിലെ അല്‍ നസറിന്റെ തോല്‍വി അറിയാതെയുള്ള കുതിപ്പിന് വിരാമമായിരിക്കുകയാണ്. ആദ്യത്തെ 10 മത്സരങ്ങള്‍ ജയിച്ച അല്‍ നസറിന് 11ാം മത്സരത്തില്‍ സമനില കുരുക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ 12ാം മത്സരത്തില്‍ ടീം സീസണിലെ ആദ്യ തോല്‍വി നേരിട്ടിരിക്കുകയാണ്. അല്‍ അഹ് ലി എസ് സിയാണ് അല്‍ നസര്‍ എഫ്‌സിയെ തകര്‍ത്തുവിട്ടത്. 3-2നാണ് അല്‍ അഹ് ലിയുടെ ജയം. ആദ്യ പകുതിയില്‍ ഇരു ടീമും രണ്ട് ഗോളുകള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിലെ ഗോളിന്റെ കരുത്തില്‍ അല്‍ അഹ് ലി വിജയം നേടിയെടുക്കുകയായിരുന്നു. അല്‍ നസറിന്റെ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. റൊണാള്‍ഡോയാണ് അല്‍ നസറിന്റെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ഏഴാം മിനുട്ടിലും 20ാം മിനുട്ടിലും വലകുലുക്കി ഇവാന്‍ ടോണിയാണ് അല്‍ അഹ് ലിയെ തുടക്കത്തിലേ മുന്നിലെത്തിച്ചത്.എന്നാല്‍ 31ാം മിനുട്ടിലും 44ാം മിനുട്ടിലും വലകുലുക്കി അല്‍ നസര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ 55ാം മിനുട്ടില്‍ ഡെമിറല്‍ നേടിയ ഗോളിന്റെ കരുത്തില്‍ അല്‍ അഹ് ലി ജയിക്കുകയായിരുന്നു. തോറ്റെങ്കിലും 12 മത്സരത്തില്‍ നിന്ന് 31 പോയിന്റോടെ അല്‍ നസര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്.

അല്‍ നസര്‍ നായകന്‍ കൂടിയായ റൊണാള്‍ഡോ ടീമിന് ഭാരമായി തോന്നുന്നുവെന്നും വിരമിക്കണമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഒന്നിലധികം അവസരങ്ങള്‍ റൊണാള്‍ഡോ നഷ്ടപ്പെടുത്തി. ടീമിന്റെ തോല്‍വിക്ക് കാരണക്കാരന്‍ റൊണാള്‍ഡോയാണെന്നും ഗോളടിച്ചില്ലെന്ന് മാത്രമല്ല അവസരം സൃഷ്ടിച്ച് നല്‍കാനുള്ള സാധ്യതകളും ഉപയോഗപ്പെടുത്തിയില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

റൊണാള്‍ഡോയുടെ കാലം കഴിഞ്ഞു. 1000 ഗോളുകള്‍ എന്ന നേട്ടത്തിലേക്കെത്താനായാണ് ഇപ്പോഴും കളി തുടരുന്നത്. മറ്റൊരു ലീഗിലും ഈ പ്രകടനം വെച്ച് മുന്നോട്ട് പോകാനാവില്ലെന്നും ആരാധകര്‍ പറയുന്നു. കഴിഞ്ഞിടെ ഗ്ലോബ് സോക്കര്‍ അവാര്‍ഡിനിടെ റൊണാള്‍ഡോ വിരമിക്കലിനെക്കുറിച്ച് പറഞ്ഞിരുന്നു. കളി തുടരുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പ്രചോദനത്തോടെ മുന്നോട്ട് പോവുകയാണെന്നും റോണോ പറഞ്ഞിരുന്നു. ലീഗിലെ ഗോള്‍വേട്ടക്കാരില്‍ റൊണാള്‍ഡോ തലപ്പത്തുണ്ട്. 13 ഗോളും 1 അസിസ്റ്റും റൊണാള്‍ഡോ നേടിയിട്ടുണ്ട്. 13 ഗോളും 3 അസിസ്റ്റും നേടിയ ജാവോ ഫെലിക്‌സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.








Tags: