ക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍

Update: 2025-06-19 05:46 GMT

ലോസ്ആഞ്ചലോസ്: ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുരുക്കി അല്‍ ഹിലാല്‍. മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. സ്പാനിഷ് പ്രമുഖര്‍ക്കായി ഗോണ്‍സാലോ ഗാര്‍ഷിയയാണ് ലീഡെടുത്തത്. 34ാം മിനിറ്റിലായിരുന്നു ഗോള്‍. റൊഡ്രിഗോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി സമനില ഗോള്‍ നേടിയത് റൂബന്‍ നെവസാണ്. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഗോള്‍. മുന്‍ ലിവര്‍പൂള്‍ താരം അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ റയലിനായുള്ള അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. അല്‍ ഹിലാല്‍ ആദ്യ മല്‍സരത്തില്‍ ഇന്റര്‍മിയാമിയെയും സമനിലയില്‍ കുടുക്കിയിരുന്നു. പുതിയ കോച്ച് സാബി അലോണ്‍സോയ്ക്ക് കീഴില്‍ റയല്‍ ആദ്യമായി ഇറങ്ങിയ മല്‍സരമായിരുന്നു.

ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഫെഡറിക്കോ വാല്‍വെര്‍ദെ പാഴാക്കിയത് റയലിന് തിരിച്ചടിയാവുകയായിരുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയില്ലാതെ ഇറങ്ങിയ റയലിന് കാര്യമായ മുന്നേറ്റങ്ങളും സാധ്യമായില്ല. മല്‍സരം ഇന്‍ജുറി ടൈമിലേക്കു കടന്നതിനു പിന്നാലെയാണ് റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്. എന്നാല്‍ വാല്‍വെര്‍ദെയുടെ ഷോട്ട് അല്‍ ഹിലാല്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോ തടഞ്ഞിട്ടു.

മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ്, യുഎഇ ക്ലബ്ബ് അല്‍ ഐന്‍ എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രഞ്ച് താരം കോലോ മുവാനിയും പോര്‍ച്ചുഗീസ് താരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സാവോയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ കെനാന്‍ യില്‍ഡിസും സ്‌കോര്‍ ചെയ്തു.





Tags: