മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ ഇത്തവണ ആദ്യം സൂപ്പര്‍ കപ്പ് നടത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ പകുതി മുതല്‍ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് നടത്താനാണ് ഫെഡറേഷന്റെ നിര്‍ദ്ദേശം. ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് മതിയായ മല്‍സരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എഐഎഫ്എഫ് ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഐഎസ്എല്ലുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിവിധ ക്ലബ്ബുകളുടെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എഐഎഫ്എഫ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്സി എന്നിവയുടെ പ്രതിനിധികള്‍ വെര്‍ച്വലായും, മറ്റ് ക്ലബ്ബുകളുടെ പ്രതിനിധികള്‍ നേരിട്ടും യോഗത്തില്‍ പങ്കെടുത്തു. ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് മതിയായ മല്‍സരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സെപ്റ്റംബര്‍ രണ്ടാം വാരമോ മൂന്നാം വാരമോ സൂപ്പര്‍ കപ്പ് ആരംഭിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ പറഞ്ഞു.
10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍പം വൈകിയാലും ഈ സീസണില്‍ ഐഎസ്എല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍മാറ്റിലോ മറ്റോ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേകക്കാം. അതേക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും, ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും കല്യാണ്‍ ചൗബെ വ്യക്തമാക്കി.
സാധാരണയായി ഐഎസ്എല്‍ കഴിയുമ്പോഴാണ് സൂപ്പര്‍ കപ്പ് നടത്തുന്നത്. എന്നാല്‍ ഇത്തവണ ഐഎസ്എല്‍ എന്ന് തുടങ്ങുമെന്നതില്‍ അവ്യക്തത തുടരുന്നതിനാല്‍ സൂപ്പര്‍ കപ്പ് ആദ്യം നടത്തട്ടെ എന്ന് ഫെഡറേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സിംഗപ്പൂരിനെതിരായ ഇന്ത്യയുടെ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്പ് തീരുന്ന തരത്തില്‍ സൂപ്പര്‍ കപ്പ് നടത്താനാണ് ആലോചന.
ഒക്ടോബര്‍ 9നും, 14നും ആണ് സിംഗപ്പൂരിനെതിരായ മത്സരങ്ങള്‍. അതുകൊണ്ട് ഒക്ടോബര്‍ ഒമ്പതിന് മുമ്പ് സൂപ്പര്‍ കപ്പ് തീരുന്ന തരത്തിലാകും ക്രമീകരണമെന്നാണ് സൂചന. ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കുന്നത്.

