സലാഹിനെ മറികടന്ന് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അഷ്റഫ് ഹക്കിമിക്ക്

Update: 2025-11-20 17:41 GMT

സൂറിച്ച്: ആഫ്രിക്കന്‍ ഫുട്ബാളിലെ മികച്ച താരമായി പിഎസ്ജിയുടെ മൊറോക്കന്‍ താരം അഷ്റഫ് ഹക്കിമി. 52 വര്‍ഷത്തിനിടെ ഈ ബഹുമതി നേടുന്ന ആദ്യത്തെ ഡിഫന്‍ഡറായി താരം മാറി. അന്തിമ ലിസ്റ്റില്‍ മുഹമ്മദ് സലായെയും വിക്ടര്‍ ഒശിംഹെനെയും മറികടന്നാണ് ഹക്കിമി പുരസ്‌കാരം സ്വന്തമാക്കിയത്. പിഎസ്ജിയെ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതും, ക്ലബ്ബ് ലോകകപ്പില്‍ ടീമിനെ റണ്ണേഴ്സ് അപ്പ് ആക്കിയതും ഉള്‍പ്പെടെയുള്ള പ്രകടനമികവിലാണ് മൊറോക്കന്‍ താരത്തെ തേടി അംഗീകാരമെത്തിയത്. ഇന്നലെ മൊറോക്കോയിലെ റാബത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (CAF) അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

1998 ല്‍ മുസ്തഫ ഹാഡ്ജിക്ക് ശേഷം അവാര്‍ഡ് നേടുന്ന ആദ്യത്തെ മൊറോക്കന്‍ കളിക്കാരനും 1973 ല്‍ സൈറിന്റെ ബ്വാംഗ ഷിമെന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ പ്രതിരോധക്കാരനുമാണ് ഹക്കിമി. കഴിഞ്ഞ രണ്ടു സീസണുകളിലും ഹക്കിമി ചുരുക്കപട്ടികയില്‍ ഇടം നേടിയിരുന്നു. 'ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയറായത് അഭിമാനകരമായ നിമിഷമാണ്. ഈ ട്രോഫി എനിക്ക് മാത്രമല്ല, ആഫ്രിക്കയില്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനാകാന്‍ സ്വപ്നം കാണുന്ന എല്ലാ ശക്തരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണെന്ന് ഹക്കിമി പറഞ്ഞു. കുട്ടിക്കാലം മുതല്‍ എന്നില്‍ വിശ്വസിച്ചിരുന്ന എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഹകിമി നിലവില്‍ ആറ് ആഴ്ച ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

രണ്ടു തവണ ആഫ്രിക്കന്‍ ഫുട്ബാളര്‍ പുരസ്‌കാരം നേടിയ മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ കിരീടമണിയിച്ച പ്രകടനവുമായാണ് ഫൈനല്‍ ത്രീയില്‍ ഇടം നേടിയത്. തുര്‍ക്കി ക്ലബ്ബ് ഗലറ്റസറ താരമായ ഒസിമെന്‍ നൈജീരിയക്കും, ക്ലബ്ബിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം ഗിസ്ലെയ്ന്‍ ചെബ്ബാക്കിനെ വനിതാ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. അല്‍-ഹിലാല്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൗണൂ പുരുഷ ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടി.

അടുത്ത വര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് വേദിയിലേക്ക് ചെറിയ ദ്വീപ് രാഷ്ട്രത്തെ നയിച്ചതിന് ശേഷം കേപ് വെര്‍ഡെയുടെ ബുബിസ്റ്റയെ കോച്ച് ഓഫ് ദ ഇയര്‍ ആയി ആദരിച്ചു.





Tags: