യുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്; സ്പാനിഷ് യുവനിരയെ വെട്ടിയൊതൊക്കി ക്രിസ്റ്റ്യാനോയും കൂട്ടരും
മ്യുണിക്ക; യുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ ചിരവൈരികളായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ അവരുടെ രണ്ടാം നേഷന്‍സ് ലീഗ് കിരീടം നേടിയത്. ആദ്യ കിരീടം നേടികൊടുത്ത അതേ കപ്പിത്താന്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം തന്നെയാണ് ഈ കിരീടം. 40ലും പോരാട്ടം തുടരുന്ന റോണയും മികച്ച പ്രകടനമാണ് ഫൈനലില്‍ കാഴ്ചവച്ചത്. മല്‍സരം 2-2ന് അവസാനിച്ചതിനെ തുടര്‍ന്ന് മല്‍സരം എക്‌സ്ട്രാ ടൈമിലേക്കും നീണ്ടിരുന്നു. വീണ്ടും ഇതേ സ്‌കോറില്‍ മല്‍സരം അവസാനിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ എത്തിയത്.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നാണ് പോര്‍ച്ചുഗലിന്റെ ജയം. 26ാം മിനിറ്റില്‍ ന്യൂനോ മെന്‍ഡിസും 61ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. റൊണാള്‍ഡോയുടം ഗോളാണ് മല്‍സരത്തില്‍ പോര്‍ച്ചുഗലിന് നിര്‍ണായകമായത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 138 ആയി.
മാര്‍ട്ടിന്‍ സുബിമെന്റി(21), മിഖേല്‍ ഒയാര്‍ സബാല്‍(45) എന്നിവരാണ് സ്‌പെയിനിനായി വലകുലിക്കിയത്.ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാല്‍ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ തടഞ്ഞത് നിര്‍ണായകമായി. പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയും സ്‌പെയിനിന്റെ ലമീന്‍ യമാലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിനാല്‍ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.
പോര്‍ച്ചുഗലിനായി ഗോണ്‍സാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, ന്യൂനോ മെന്‍ഡസ്, റൂബന്‍ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. സ്പാനിഷ് നിരയില്‍ മൈക്കല്‍ മെറീനോ, അലക്‌സ് ബയേന, ഇസ്‌കോ എന്നിവരും വല കുലുക്കി.
ജയത്തിന് പിന്നാലെ ആനന്ദ കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.താരത്തിന്റെയും പോര്‍ച്ചുഗലിന്റെയും മൂന്നാം അന്താരാഷ്ട്ര കിരീടമാണിത്. 2016 യൂറോകപ്പും 2019ലെ നേഷന്‍സ് ലീഗുമാണ് പോര്‍ച്ചുഗല്‍ ഇതിന് മുമ്പ് നേടിയത്. പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടമാണിത്.യുവതാരം ലമീന്‍ യമാലും ക്രിസ്റ്റ്യാനോയും തമ്മിലുള്ള പോരാട്ടമായിട്ടായിരുന്നു ഈ മല്‍സരത്തെ വിലയിരുത്തിയത്.

