2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ് ടീമുകള്‍; മല്‍സരങ്ങള്‍ക്ക് ഖത്തറും സൗദിയും വേദിയാകും

Update: 2025-06-19 06:11 GMT

ദോഹ: 2026 ഫിഫ ലോകകപ്പിനായുള്ള ഏഷ്യന്‍ വന്‍കരയിലെ നാലാം റൗണ്ട് യോഗ്യത മത്സരങ്ങള്‍ക്ക് ഖത്തറും സൗദിയും വേദിയാകും. ഒക്ടോബര്‍ 8 മുതല്‍ 14 വരെയാണ് മത്സരങ്ങള്‍. ഏഷ്യയില്‍ നിന്ന് നേരിട്ടുള്ള രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനായി ഇന്തോനേഷ്യ, ഇറാഖ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്.

ഈ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക. ജൂലൈ 17ന് ഗ്രൂപ്പ് നിര്‍ണയം നടക്കും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യന്‍മാര്‍ക്ക് അടുത്ത വര്‍ഷം അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകും. ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ പ്ലേ ഓഫില്‍ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ക്ക് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് മത്സരത്തിലൂടെ ലോകകപ്പ് പ്രവേശനത്തിനായി അവസാന ശ്രമം നടത്താം. ഏഷ്യയില്‍ നിന്ന് ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, ജോര്‍ദാന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ ടീമുകളാണ് ഇതുവരെ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.

ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന അടുത്ത വര്‍ഷത്തെ ലോകകപ്പിന് ആതിഥേയരായ അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നിവര്‍ക്കൊപ്പം 10 ടീമുകള്‍ ആണ് ഇതുവരെ യോഗ്യത നേടിയത്. ഏഷ്യന്‍ ടീമുകള്‍ക്ക് പുറമെ നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന, മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ന്യൂസിലന്‍ഡ്, ഇക്വഡോര്‍ എന്നിവരും ഇതിനോടകം യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഏഷ്യയില്‍ നിന്ന് യോഗ്യത നേടിയ ജോര്‍ദാനും ഉസ്ബിക്കിസ്ഥാനും ലോകകപ്പിലെ നവാഗതരാണ്. ഏഷ്യയില്‍ നിന്ന് എട്ടും ആഫ്രിക്കയില്‍ നിന്ന് ഒന്‍പതും തെക്കേ അമേരിക്കയില്‍ നിന്ന് ആറും കോണ്‍കകാഫ് മേഖലയില്‍ നിന്ന് മൂന്ന് ആതിഥേയര്‍ ഉള്‍പ്പടെ ആറും ഓഷ്യാനിയ മേഖലയില്‍ നിന്ന് ഒന്നും യൂറോപ്പില്‍ നിന്ന് പതിനാറും ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. രണ്ടു ടീമുകള്‍ പ്ലേ ഓഫിലൂടെയും ലോകകപ്പിനെത്തും.





Tags: