ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പിനുള്ള ഔദ്യോഗിക മാച്ച് ബോള്‍ അവതരിപ്പിച്ച് ഫിഫ. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ 'ട്രയോണ്ട' എന്നപേരിലുള്ള ബോളാണ് ഫിഫ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ഇത്തവണയും അഡിഡാസാണ് പന്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 23മത് ഫിഫ ലോകകപ്പാണ് 2026ല്‍ നടക്കാനിരിക്കുന്നത്.
2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനുള്ള ആദരവാണ് ഡിസൈനില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ആതിഥേയത്വം വഹിക്കുന്ന മൂന്നുരാജ്യങ്ങളുടേയും വര്‍ണ്ണ പാലറ്റുകള്‍ പ്രതിഫലിപ്പിച്ചുകൊണ്ട് ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളോടുകൂടിയ ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പന്തിനുള്ളത്. കാനഡയെ പ്രതിനിധീകരിക്കുന്ന മേപ്പിള്‍ ഇലകള്‍, മെക്‌സിക്കന്‍ കഴുകന്‍, അമേരിക്കന്‍ നക്ഷത്രങ്ങള്‍ എന്നിവയുടെ ചിഹ്നങ്ങളാണ് ട്രയോണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അത്യാധുനിക സാങ്കേതികവിദ്യയുടെ സവിശേഷതകളും, പറക്കലിലെ സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി ആഴത്തിലുള്ള സീമുകള്‍(deep seams), ഉപരിതലത്തിലെ എംബോസ് ചെയ്ത ഐക്കണുകള്‍ (embossed surface icons), കൂടാതെ ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ പോലും മെച്ചപ്പെട്ട ഗ്രിപ്പ് ഉറപ്പാക്കുന്നു. മല്‍സരങ്ങളിലെ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനത്തിലേക്ക് തത്സമയ ഡാറ്റ കൈമാറ്റം ചെയ്യുന്നതിനുള്ള ബില്‍റ്റ്-ഇന്‍ മോഷന്‍ സെന്‍സര്‍ ചിപ്പ് (built-in motion sensor chip) ട്രയോണ്ടയില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
