2026 ഫിഫ ലോകകപ്പ്; ഇറാന്റെ പങ്കാളിത്തത്തില്‍ നിലപാട് മാറ്റി ഡോണാള്‍ഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പില്‍ കളിക്കാനായി ഇറാന്‍ ഫുട്‌ബോള്‍ ടീം അമേരിക്കയില്‍ വരുന്നതില്‍ നിലപാട് മാറ്റി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ദേശീയ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെങ്കിലും, അവരുടെ സുരക്ഷ മുന്‍നിര്‍ത്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് ഉചിതമാകില്ലെന്ന് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്‍ ഒരു കാരണവശാലും ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ ടീമിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ തടസമില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് നിലപാട് കടുപ്പിച്ചു. ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവരുടെ ജീവനും സുരക്ഷയും കണക്കിലെടുക്കുമ്പോള്‍ അവര്‍ അവിടെ ഉണ്ടാകുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നില്ല - ട്രംപ് കുറിച്ചു.
ഇറാന്റെ കായിക മന്ത്രി അഹമ്മദ് ദുന്നിയമാലി സര്‍ക്കാര്‍ ടെലിവിഷനിലൂടെയാണ് പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഴിമതി നിറഞ്ഞ ഈ ഭരണകൂടം ഞങ്ങളുടെ നേതാവിനെ വധിച്ചു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയവര്‍ക്കൊപ്പം ഒരു വേദി പങ്കിടാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങളുടെ മക്കള്‍ അവിടെ സുരക്ഷിതരല്ല എന്നായിരുന്നു കായിക മന്ത്രി പറഞ്ഞത്.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഇറാന്റെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമാണ്. ഇറാന്റെ പിന്മാറ്റം ഫിഫയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറാന്‍ പിന്മാറുന്ന പക്ഷം ഏഷ്യന്‍ മേഖലയില്‍ നിന്ന് മറ്റൊരു ടീമിനെ (ഇറാഖ് അല്ലെങ്കില്‍ യുഎഇ) ഉള്‍പ്പെടുത്തുന്ന കാര്യം ഫിഫ പരിഗണിക്കുന്നുണ്ട്.
