റാമോസ് യുഗത്തിന് അവസാനം; 16 വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ വിടുന്നു

അക്രമണകാരിയായ റാമോസിന്റെ പേരിലാണ് സ്പാനിഷ് ലീഗിലെ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് (20) എന്ന റെക്കോഡ്.

Update: 2021-06-17 08:07 GMT


മാഡ്രിഡ്: റയലിന്റെ വീരപുത്രനായ സെര്‍ജിയോ റാമോസ് സാന്റിയോ ബെര്‍ണാബ്യൂവിന്റെ പടികളറിങ്ങുന്നു. നീണ്ട 16 വര്‍ഷത്തെ വീരോചിത നിമിഷങ്ങള്‍ക്ക് ശേഷമാണ് താരം ക്ലബ്ബ് വിടുന്നത്. ജൂണില്‍ കരാര്‍ അവസാനിക്കുന്ന സ്പാനിഷ് താരത്തെ ഒഴിവാക്കുന്നതായി റയല്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുതിയ കോച്ച് കാര്‍ലോ ആന്‍സിലോറ്റിക്ക് കീഴില്‍ റാമോസ് വേണ്ടെന്നാണ് തീരുമാനം. റയലിന്റെ എക്കാലത്തെയും മികച്ച 35കാരനായ താരത്തെ ഒഴിവാക്കുകയാണെന്ന് പ്രസിഡന്റ് പെരസും അറിയിച്ചു.


2005ല്‍ സെവിയ്യയില്‍ നിന്നാണ് റാമോസ് എന്ന് പ്രതിരോധ താരം റയലില്‍ എത്തുന്നത്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ബ്രസീലിന്റെ റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം എന്നിവരുടെ നിരയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ വീരപുത്രന് പിന്നോട് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 671 മല്‍സരങ്ങളില്‍ നിന്ന് നേടിയത് നാല് ചാംപ്യന്‍സ് ലീഗ്, അഞ്ച് സ്പാനിഷ് ലീഗ് എന്നിവയടക്കം 22 കിരീടങ്ങള്‍. റയലിനായി 101 ഗോളുകള്‍. റയല്‍ എന്ന ടീമിന്റെ നെടും തൂണായിരുന്നു റാമോസ്.


കളിക്കളത്തിലെ പരുക്കന്‍ സ്വഭാവത്തിന് ഉടമയാണ് റാമോസ്. ജയിക്കാന്‍ ഏതറ്റം വരെയും പോവും. എതിര്‍ ടീമിനോട് കരുണ കാണിക്കാതെ പൊരുതുന്നവന്‍. അറ്റകൈക്ക് ഫൗളുകള്‍ ഒരുക്കുന്നതില്‍ മിടുക്കന്‍. ഇങ്ങനെ പോവുന്ന റാമോസിന്റെ സവിശേഷതകള്‍. അക്രമണകാരിയായ റാമോസിന്റെ പേരിലാണ് സ്പാനിഷ് ലീഗിലെ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് (20) എന്ന റെക്കോഡ്. ചിരവൈരികളായ ബാഴ്‌സയുമായുള്ള പോരാട്ടത്തിലാണ് താരത്തിന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ പുറത്ത് വരാറ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എല്‍ ക്ലാസ്സിക്കോയിലെ മെസ്സിയുമൊത്തുള്ള കൊമ്പുകോര്‍ക്കലിന്റെ ഒരു ചിത്രം ഉണ്ട്. ഇത് തന്നെയാവും ആരാധകര്‍ക്ക് റാമോസ് എന്ന താരത്തെ സുപരിചതനാക്കിയത്.


കഠിനാദ്ധ്വാനിയായ റാമോസ് ഫിറ്റ്‌നെസ് സൂക്ഷിക്കുന്നതില്‍ മുന്നിലുള്ള ക്രിസ്റ്റ്യാനോയെ പോലെയാണ്. നിരവധി മണിക്കൂറുകള്‍ ആണ് താരം ജിമ്മില്‍ ചെലവഴിക്കുന്നത്. മസിലിന് വേഗതയും ശക്തിയും പകരുന്നതിന് റൊണാള്‍ഡോ ചെയ്യുന്ന സ്വിമ്മിങ് പൂളിലെ പരിശീലനം നടത്തുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് റാമോസ്.


പരിക്കും ഫോം നഷ്ടവും കാരണം ഈ വര്‍ഷമാണ് താരത്തിന് ടീമിലെ സ്ഥാനം പതുക്കെ നഷ്ടമായത്. ഇത്തവണ ഒരു കിരീടം പോലും നേടാത്ത റയലില്‍ അടുത്ത സീസണിലേക്കായി വന്‍ അഴിച്ചുപണികളാണ് നടക്കുന്നത്. 32 വയസ്സിന് ശേഷമുള്ള താരങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കരാര്‍ നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഒരു വര്‍ഷത്തെ കരാറിന് താല്‍പ്പര്യമില്ലെന്ന് റാമോസ് നേരത്തെ അറിയിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് ഇത്തവണത്തെ സ്‌പെയിനിന്റെ യൂറോ ടീമിലും റാമോസിന് സ്ഥാനം ലഭിച്ചിരുന്നില്ല.


മുന്‍ ക്ലബ്ബായ സെവിയ്യ താരത്തിന് അഞ്ച് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും താരത്തിന് ഓഫര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റാമോസിന്റെ പുതിയ തട്ടകം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റാമോസിന് വന്‍ യാത്രയപ്പ് നല്‍കാന്‍ റയല്‍ തീരുമാനിച്ചിട്ടുണ്ട്. ബെര്‍ണാബ്യുവിന്റെ പടനായകന്റെ ആക്രമണ ഫുട്‌ബോള്‍ തന്നെയായിരുന്നു റയലിനെ നിരവധി മല്‍സരങ്ങളിലെ ജയത്തിലേക്ക് നയിച്ചതും. ചൂടന്‍ സ്വഭാവത്തിന് ഉടമയായ റാമോസ് എന്ന നായകന്റെ ആക്രോശം ഇനി സാന്റിയാഗോ ബെര്‍ണാബൂവില്‍ റയല്‍ ആരാധകര്‍ക്ക് കാണാന്‍ കഴിയില്ല. കഴിഞ്ഞ സീസണില്‍ സുവാരസിനെ ബാഴ്‌സ ഒഴിവാക്കിയപ്പോള്‍ തുണയായത് അത്‌ലറ്റിക്കോ മാഡ്രിഡിനായിരുന്നു. അവര്‍ സ്പാനിഷ് ലീഗ് കിരീടം നേടി. പോരാട്ടം വീര്യം തകരാത്ത പടയാളിയാണ് റാമോസ്. പുതിയ ക്ലബ്ബിനായി താരം പുതിയ നേട്ടങ്ങള്‍ കൊയ്യുമോയെന്ന് പുതിയ സീസണില്‍ റാമോസ് ആരാധകര്‍ക്ക് കാത്തിരുന്ന് കാണാം.




Tags:    

Similar News