ഹരാരെ: സിംബാബ്വേ ക്രിക്കറ്റ് താരം സിക്കന്ദര്‍ റാസയുടെ ഇളയ സഹോദരന്‍ അന്തരിച്ചു. 13-കാരനായ മുഹമ്മദ് മഹ്ദി അന്തരിച്ചതായി സിംബാബ്വേ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ജനിതക രക്ത രോഗമായ ഹീമോഫീലിയ ബാധിതനായിരുന്നു മഹ്ദി. ഡിസംബര്‍ 30-നാണ് മഹ്ദിയുടെ ആകസ്മിക വിയോഗമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഹീമോഫീലിയ രോഗബാധിതനായിരുന്ന മഹ്ദിയെ അടുത്തിടെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. മരണത്തില്‍ സിംബാബ്വേ ക്രിക്കറ്റ് ബോര്‍ഡ് അനുശോചനമറിയിച്ചു. ക്രിക്കറ്റ് ബോര്‍ഡിന്റെ പോസ്റ്റ് സിക്കന്ദര്‍ റാസ പങ്കുവച്ചിട്ടുമുണ്ട്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നിലവില്‍ ട്വന്റി-20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സിക്കന്ദര്‍ റാസ. റാസയാണ് സിംബാബ്വേയുടെ ട്വന്റി-20 ടീമിനെ നയിക്കുന്നത്. ലോകക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് റാസ. പാകിസ്താനിലാണ് റാസ ജനിക്കുന്നത്. ലോകകപ്പുള്‍പ്പെടെ രാജ്യാന്തര മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് സഹോദരന്റെ ആകസ്മിക വിയോഗം. ക്രിക്കറ്റ് ലോകം ഒന്നടങ്കം അനുശോചന സന്ദേശങ്ങള്‍ അറിയിക്കുകയാണ്.