ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യ സെമിയില്‍, എതിരാളികള്‍ പാകിസ്താന്‍; ഇന്ത്യ പിന്‍മാറിയാല്‍ പാകിസ്താന്‍ ഫൈനലില്‍
ലണ്ടന്‍: ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പിലെ അവസാന മല്‍സരത്തില്‍ വിന്‍ഡീസിനെതിരേ തകര്‍പ്പന്‍ ജയവുമായി സെമിയിലെത്തി ഇന്ത്യ ചാംപ്യന്‍സ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ വിന്‍ഡീസ് ചാംപ്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചാംപ്യന്‍സ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ചാംപ്യന്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ചാംപ്യന്‍സ് 13.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ 74 റണ്‍സെടുത്ത കെയ്‌റോണ്‍ പൊള്ളാര്‍ഡും 21 പന്തില്‍ 20 റണ്‍സെടുത്ത ഡ്വയിന്‍ സ്മിത്തും മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങില്‍ 21 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ച സ്റ്റുവര്‍ട്ട് ബിന്നിയും 7 പന്തില്‍ പുറത്താകാതെ 21 റണ്‍ടിച്ച യൂസഫ് പത്താനും 11 പന്തില്‍ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ യുവരാജ് സിംഗും 18 പന്തില്‍ 25 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം 13.2 ഓവറില്‍ ഇന്ത്യ മറികടന്നു.40 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ ജയത്തോടെ ഇന്ത്യ നെറ്റ് റണ്‍ റേറ്റില്‍( 0.558) ഇംഗ്ലണ്ട് ചാംപ്യന്‍സിനെ(0.809) പിന്തള്ളി നാലാമത് എത്തിയാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. നേരത്തെ പാകിസ്തനെതിരായ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ ലഭിച്ച ഒരു പോയന്റ് അടക്കം മൂന്ന് പോയന്റുമായാണ് ഇന്ത്യ നാലാം സ്ഥാനക്കാരായി സെമിയിലെത്തിയത്. എന്നാല്‍ സെമിയിലും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാ പാകിസ്താന്‍ തന്നെയാണ് ഇന്ത്യയുടെ എതിരാികള്‍. ഇതോടെ ഇന്ത്യന്‍ ടീം ഇനി എന്ത് നിലപാടെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.സമിയില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ പാകിസ്ഥാന്‍ ഫൈനലിലെത്തും.രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സും ഓസ്‌ട്രേലിയ ചാമ്പ്യന്‍സും ഏറ്റുമുട്ടും.

