വനിതാ ലോകകപ്പ്; ഇന്ത്യക്ക് മൂന്നാം തോല്‍വി; ഇംഗ്ലണ്ട് സെമിയില്‍

Update: 2025-10-19 17:23 GMT

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്മൃതി മന്ദാന (94 പന്തില്‍ 88), ഹര്‍മന്‍പ്രീത് കൗര്‍ (70 പന്തില്‍ 70), ദീപ്തി ശര്‍മ (50) എന്നിവരുടെ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാന്‍ സാധിച്ചില്ല. ദീപ്തി നാല് വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയിരുന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ഹീതര്‍ നൈറ്റിന്റെ (109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എമി ജോണ്‍സ് 56 റണ്‍സ് നേടിയിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായി. അഞ്ച് മല്‍സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. നാല് പോയിന്റുമായി അഞ്ചാമതുള്ള ന്യൂസിലന്‍ഡുമായിട്ടാണ് അതിനിര്‍ണായകമായ ഇന്ത്യയുടെ അടുത്ത മത്സരം.






Tags: